കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പരിശോധനാഫലത്തിൽ പ്രതീക്ഷയർപ്പിച്ച് അന്വേഷണ സംഘം.
ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസം മെമ്മറി കാർഡ് സംസ്ഥാന ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ഈ മാസം 15 നാണ് അവസാനിപ്പിക്കേണ്ടത്. തുടരന്വേഷണത്തിന്റെ അവസാനഘട്ടത്തിലാണ് മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാമെന്ന വിധി ഉണ്ടായത്.
കാർഡ് അനധികൃതമായി തുറന്നുവെന്നതിനു തെളിവായി ഹാഷ് വാല്യു മാറിയോയെന്ന് അന്വേഷിക്കാമെന്നു ഹൈക്കോടതി വിധിച്ചത്.
പ്രോസിക്യൂഷൻ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി. ശാസ്ത്രീയ പരിശോധന വേണ്ടെന്ന കീഴ്ക്കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഏഴ് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് അന്വേഷ ഉദ്യോഗസ്ഥന് നൽകേണ്ടത്. ഈ റിപ്പോർട്ട് കോടതിയ്ക്ക് സമർപ്പിക്കാനും കോടതി നിർദേശിക്കുകയയുണ്ടായി.
കേസിൽ കക്ഷി ചേർന്ന എട്ടാം പ്രതിയായ നടൻ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നായിരുന്നു ദിലീപിന്റെ വാദം. ഫോറൻസിക് പരിശോധനാഫലം നിലവിൽ അന്വേഷണോദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധന വേണമെന്ന ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു ദിലീപിന്റെ നിലപാട്.
അതേസമയം മൂന്ന് ദിവസം മതി മെമ്മറി കാർഡ് പരിശോധിക്കാനെന്നാണ് പ്രോസികൂഷൻ കോടതിയെ അറിയിച്ചിരുന്നു.
2017 ഫെബ്രുവരി 18-ന് അവസാനമായി പരിശോധിച്ച മെമ്മറി കാർഡ് 2018 ഡിസംബർ 13നും അതിനുമുന്പും പലതവണ തുറന്നതായി കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലായിരുന്നു ഇത് കണ്ടെത്തിയത്.