ചങ്ങനാശേരി: ഏഴുവയസുകാരി നാദിയ ബിനോയി ചില്ലറക്കാരിയല്ല, യോഗാഭ്യാസത്തിൽ ബഹുമിടുക്കിയാണ്.
വെള്ളത്തിനു മുകളിൽ ശ്വാസംപിടിച്ചു കിടക്കുന്ന ഫ്ളോട്ടിംഗ് പത്മാസനം ഇനത്തിൽ റിക്കാർഡ് നേടാൻ ഒരുങ്ങുകയാണ് രണ്ടാം ക്ലാസുകാരി നാദിയ എന്ന ബാലിക.
യോഗാമുറയിൽ പ്ലാവിനി പ്രാണായാമം എന്നറിയപ്പെടുന്ന മുറ ഒരുമണിക്കൂർ അനുഷ്ഠിക്കാൻ ഇതിനോടകം ഈ ബലിക പരിശീലനം നേടിയിട്ടുണ്ട്.
ഈ അഭ്യാസം പൊതുജനമധ്യത്തിൽ അവതരിപ്പിക്കാനാണ് നാദിയയുടെ പുതിയ ഉദ്യമം.
17ന് ഉച്ചകഴിഞ്ഞ് 3.30ന് ചങ്ങനാശേരി എസ്ബി ഹയർസെക്കൻഡറി സ്കൂളിനടുത്തുള്ള സുമി സിറിയക് അക്കാഡമിയിലെ സ്വിമ്മിംഗ് പൂളിലാണ് നാദിയ റിക്കാർഡിനുള്ള പ്രദർശനം നടത്തുന്നത്.
ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ സന്ധ്യാ മനോജ് ഉൾപ്പെടെ നിരവധി ജനപ്രതിനിധികൾ കാണികളായെത്തും. ഉദ്യമത്തിനായി ആളുകളെ ക്ഷണിച്ചുകൊണ്ട് നാദിയ കത്തും തയാറാക്കിയിട്ടുണ്ട്.
യോഗാ പരിശീലകൻ കൊല്ലം തെങ്ങിലഴകം ബിനോയി മാത്യു-മാമ്മൂട് പാറുകണ്ണി നിമ്മി മാത്യു ദന്പതികളുടെ മകളാണ് നാദിയ.
കരാട്ടെയിൽ ബ്ലൂബെൽറ്റ് നേടിയിട്ടുള്ള നാദിയ കഴിഞ്ഞ മൂന്നുവർഷമായി പ്ലാവിനി പത്മാസനം പരിശീലിച്ചുവരികയാണ്. കൊല്ലം മണ്ണൂർ ഇൻഫന്റ് ജീസസ് സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ്.