കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സർക്കാരിനും വിചാരണക്കോടതിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി.
ജസ്റ്റീസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതിൽനിന്ന് പിൻമാറിയത്. ഹർജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും.
ഹർജി പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് നടി അപേക്ഷ നൽകിയിരുന്നു. തുടരന്വേഷണം പൂർത്തിയാക്കാനുള്ള സമയം മേയ് 31 നു അവസാനിക്കാനിരിക്കെയാണ് നടി ഹർജി നൽകിയിരിക്കുന്നത്.
ഉന്നത സ്വാധീനത്താൽ കേസ് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്നാണ് നടിയുടെ ഹർജിയിലുള്ളത്.
കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിൽനിന്ന് നീക്കിയിരുന്നു.
കേസിൽ കാവ്യ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി നേരത്തെ തീരുമാനിച്ചിരുന്നു.
സർക്കാരിനെതിരേ ഗുരുതര ആരോപണങ്ങൾ
കേസിലെ തുടരന്വേഷണം ഭരണ രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി കൈകാര്യം ചെയ്തെന്ന ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ വിചാരണക്കോടതി നടപടിയെടുത്തില്ലെന്നുമാണ് നടി ആരോപിക്കുന്നത്.
മെമ്മറി കാർഡിന്റെ പരിശോധനാഫലം വരുന്നതുവരെ തുടരന്വേഷണ റിപ്പോർട്ട് നൽകരുതെന്ന് നിർദേശിക്കണമെന്നാണ് ഇടക്കാല ആവശ്യം.
സർക്കാർ ആദ്യം നീതിയുക്തമായ അന്വേഷണത്തിനു നടപടിയെടുത്തെങ്കിലും ഇപ്പോൾ പിൻവലിയുകയാണെന്ന് ഹർജിയിൽ പറയുന്നു.
തുടരന്വേഷണം പൂർത്തിയാക്കും മുന്പു അവസാനിപ്പിക്കാൻ നടൻ ദിലീപ് ഭരണകക്ഷിയിലെ ചില നേതാക്കളെ സ്വാധീനിച്ചു.
തുടരന്വേഷണം പാതിവഴി അവസാനിപ്പിച്ച് അന്തിമ റിപ്പോർട്ട് നൽകാൻ ഉന്നത രാഷ്ട്രീയ നേതാക്കൾ പ്രോസിക്യൂഷനെയും അന്വേഷണ സംഘത്തെയും ഭീഷണിപ്പെടുത്തുന്നു.
കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റമുണ്ടെന്ന് ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടർ 2020 ജനുവരി പത്തിന് വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
റിപ്പോർട്ട് ലഭിച്ചകാര്യം ഹൈക്കോടതിയെയോ അന്വേഷണ ഉദ്യോഗസ്ഥനെയോ പബ്ലിക് പ്രോസിക്യൂട്ടറെയോ ഇരയായ തന്നെയോ വിചാരണക്കോടതി അറിയിച്ചില്ല.
മെമ്മറി കാർഡിലെ ഫയൽ ആരെങ്കിലും കാണുകയോ പകർത്തുകയോ ചെയ്താലേ ഹാഷ് വാല്യൂവിൽ മാറ്റം വരൂ.
ഗൗരവമേറിയ ഈ വിഷയം വിചാരണക്കോടതി രഹസ്യമാക്കി വച്ചു. തുടർ നടപടി സ്വീകരിച്ചില്ല. പ്രതികളെ രക്ഷിക്കുന്ന നിലപാടാണിതെന്നും ഹർജിയിൽ പറയുന്നു.
മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതിനെക്കുറിച്ചറിയാൻ വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യത്തിൽ വിചാരണക്കോടതി നടപടിയെടുത്തില്ല.
ദിലീപിൻറെ അഭിഭാഷകർ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടപെട്ടു.
അഭിഭാഷകരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും സീനിയർ അഭിഭാഷകന് സർക്കാരിലുള്ള സ്വാധീനം നിമിത്തം ഇതിനു കഴിഞ്ഞില്ല.
തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തില്ലെന്ന് രാഷ്ട്രീയ നേതാക്കളിൽനിന്ന് ഇവർക്ക് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു.
ഹൈക്കോടതിയോ ഹൈക്കോടതി നിർദേശിക്കുന്ന അഥോറിറ്റിയോ തുടരന്വേഷണത്തിന് മേൽനോട്ടം വഹിക്കണം.
കൃത്യമായ ഇടവേളകളിൽ അന്വേഷണ പുരോഗതി പരിശോധിക്കണം. മെമ്മറി കാർഡ് ഫോറൻസിക് ലാബിൽ പരിശോധനയ്ക്കു നൽകാൻ നിർദേശിക്കണം.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റം വന്നത് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം.
മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച് തെളിവു നശിപ്പിക്കാൻ ശ്രമിച്ചതും ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചതും തുടരന്വേഷണത്തിൽ ഉൾപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.
കോടതിയെ സമീപിക്കാനിടയായ സാഹചര്യം അറിയില്ല: മന്ത്രി പി.രാജീവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത കോടതിയെ സമീപിക്കാൻ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി.രാജീവ്. അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും മന്ത്രി രാജീവ് പറഞ്ഞു.
കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ട്. സർക്കാർ നിലപാടിൽ വ്യക്തതയുണ്ടെന്നും പി. രാജീവ് വ്യക്തമാക്കി.
നടിക്ക് നീതി കിട്ടാൻ പി.ടി നടത്തിയ പോരാട്ടം തുടരും: ഉമ തോമസ്
കൊച്ചി: നടിക്ക് നീതി കിട്ടാൻ പി. ടി തോമസ് നടത്തിയ പോരാട്ടം തുടരുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്.
സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലേത്. ഇടതുമുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞു. തൃക്കാക്കരയിലെ സ്ത്രീകൾ സർക്കാരിനെതിരേ വോട്ട് ചെയ്യുമെന്നും ഉമ തോമസ് വ്യക്തമാക്കി.
ഒരു കേസും അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല: ഇ.പി. ജയരാജൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ ആരോപണങ്ങൾ കോടതി പരിശോധിക്കട്ടെയെന്ന് എൽഡിഎഫ് കണ്വീനർ ഇ.പി.ജയരാജൻ.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കേസും അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ദിലീപിന് ആരുമായാണ് അവിശുദ്ധ ബന്ധമെന്ന് ജനങ്ങൾക്കറിയാം.
യുഡിഎഫ് നടത്തുന്ന വൃത്തിക്കെട്ട രാഷ്ട്രീയത്തിന് പിറകെ പോകാൻ എൽഡിഎഫിന് താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ സുരക്ഷയാണ് എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. എൽഡിഎഫ് കോണ്ഗ്രസിനെ പോലെ അഭിപ്രായം മാറി പറയുന്ന പാർട്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇ.പി.ജയരാജൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതിജീവിതയെ അപമാനിക്കുന്നു: വി.ഡി സതീശൻ
കൊച്ചി: ഇടതുനേതാക്കൾ അതിജീവിതയെ അപമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അന്വേഷണം വഴിതിരിക്കാൻ പോലീസിന്റെ ഫ്യൂസ് ഊരി.
യുഡിഎഫും കേരള മനസാക്ഷിയും അതിജീവിതയ്ക്കൊപ്പമാണ്. കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുന്നു. വർഗിയവാദികൾക്കു മുന്നിൽ മുട്ടിടിക്കുന്ന ആളാണോ ക്യാപ്ടനെന്നും സതീശൻ ചോദിച്ചു.