മഞ്ചേരി: അപമര്യാദയായി പെരുമാറിയതു ചെറുക്കാൻ ശ്രമിച്ചതിന് നാടോടി യുവതിയുടെ ഒൻപതു മാസം പ്രായമുള്ള പെണ്കുഞ്ഞിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബിനെയാണ് (40) മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് കുട്ടിയെ പ്രതി വെട്ടിപരിക്കേൽപ്പിച്ചത്. മഞ്ചേരിയിലെ തെരുവിൽ അന്തിയുറങ്ങുന്ന കുടുംബമാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ഒൻപതു മാസം പ്രായമുളള പെണ്കുഞ്ഞിനാണു വെട്ടേറ്റത്.
ഒരു വർഷത്തോളമായി കന്യാകുമാരി, ഭർത്താവ് മുരുകൻ, മകൾ പ്രിയ, സഹോദരൻ ധർമൻ എന്നിവരടങ്ങുന്ന നാടോടി കുടുംബം മഞ്ചേരി ഐജിബിടി ബസ് സ്റ്റാൻഡ് പരിസരത്തെ പണിതീരാത്ത കെട്ടിടത്തിലാണ് അന്തിയുറങ്ങുന്നത്. മുരുകനും പ്രതിയും സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചിരുന്നു മദ്യപിക്കുന്നതും പതിവാണ്.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മുരുകനില്ലാത്ത സമയത്താണ് പ്രതി എത്തിയത്. തന്നോടു അപമര്യാദയായി പെരുമാറിയ അയ്യൂബിനോടു കന്യാകുമാരി കയർത്തു സംസാരിച്ചു. ഇതിൽ പ്രകോപിതനായ പ്രതി കത്തി വീശുകയും കുഞ്ഞിനും ധർമനും പരിക്കേൽക്കുകയുമായിരുന്നു. കാലിൽ സാരമായി പരിക്കേറ്റ കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ തന്നെ പരാതി അറിയിച്ചെങ്കിലും പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ തയാറായില്ലെന്നു കുട്ടിയുടെ പിതാവ് പറയുന്നു.
പരാതി കേൾക്കാതെ പോലീസ് അധിക്ഷേപിച്ചുവിട്ടതായാണ് കുട്ടിയുടെ പിതാവിന്റെ പരാതി. താനും കൂടി ചേർന്നല്ലെ കുഞ്ഞിനെ വെട്ടിയതെന്ന് പോലീസ് ചോദിച്ചെന്നും മുരുകൻ പറയുന്നു. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നു മഞ്ചേരി സിഐ അറിയിച്ചു. വിവരം കിട്ടിയതനുസരിച്ചു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചെന്നപ്പോൾ കുടുംബം അവിടെ നിന്നു പോയിരുന്നു തുടർന്നു ഇന്നലെ പോലീസ് സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ പിതാവ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും പോലീസ് പറയുന്നു.
ഇന്നലെ തന്നെ കേസെടുക്കുകയും പ്രതിയെ അറസ്റ്റു ചെയ്തതായും സിഐ അറിയിച്ചു. പ്രതിയെ ഇന്നു മഞ്ചേരി കോടതിയിൽ ഹാജരാക്കും. അതേസമയം, വെട്ടേറ്റ കുഞ്ഞിനേയും അമ്മയേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ ശ്രമം ആരംഭിച്ചു.