അമ്പലപ്പുഴ: റെയിൽവേ ഗേറ്റിന് സമീപം അലഞ്ഞ് തിരിഞ്ഞു നടന്ന നാടോടി സ്ത്രീയെ പോലീസ് അഭയ കേന്ദ്രത്തിൽ എത്തിച്ചു. പുന്നപ്ര കുറവൻതോട് മാക്കിമുക്ക് റെയിൽവേ ഗേറ്റിന് സമീപം അലഞ്ഞു നടന്ന 75 വയസ് തോന്നിക്കുന്ന നാടോടി സ്ത്രീയെയാണ് പുന്നപ്ര എസ്ഐ. അജയമോഹനൻ, സീനിയർ പോലീസ് ഓഫീസർമാരായ ബോബൻ, ലെനി മോൻ എന്നിവർ ചേർന്ന് പറവൂർ ബീച്ച് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന മരിയാ ഭവനിൽ എത്തിച്ചത്.
ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. വൃദ്ധയായ നാടോടി സ്ത്രിയെ സന്ധ്യക്ക് ശേഷം നാട്ടുകാർ പുന്നപ്ര കുറവൻതോട് മാക്കിമുക്ക് പ്രദേശത്ത് കണ്ടിരുന്നു. രാത്രി 11 ഓടെ റെയിൽവേ ട്രാക്കിന് സമീപം ഇവരെ കണ്ട സാമൂഹ്യ പ്രവർത്തകരായ ജലീൽ, ഷാമിർ, വിനോദ് എന്നീ യുവാക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ എസ്ഐ അജയമോഹൻ വൃദ്ധയെ പറവൂരിലെ മരിയാ ഭവനിൽ എത്തിക്കുകയായിരുന്നു.