കൊച്ചി: നഗരമധ്യത്തിലെ അടച്ചിട്ട വീട്ടില്‍നിന്ന് 25 ലക്ഷം രൂപ വിലവരുന്ന വസ്തുക്കള്‍ കവര്‍ന്ന കേസില്‍ മൂന്ന് നാടോടി സ്ത്രീകളെ കൊച്ചി സിറ്റി പോലീസ് അറസ്റ്റു ചെയ്തു.
കോഴിക്കോട് തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് സുല്‍ത്താന്‍ബത്തേരി കേണിച്ചിറ പൂതാടി എകെജി റോഡില്‍ മണിക്കുന്ന് വീട്ടില്‍ മാരിമുത്തുവിന്റെ ഭാര്യ ദേവി (22), വയനാട് സുല്‍ത്താന്‍ ബത്തേരി കേണിച്ചിറ പൂതാടി എകെജി റോഡില്‍ മണിക്കുന്ന് വീട്ടില്‍ മുത്തപ്പന്റെ ഭാര്യ കസ്തൂരി (22), വയനാട് സുല്‍ത്താന്‍ബത്തേരി കേണിച്ചിറ പൂതാടി എകെജി റോഡില്‍ മണിക്കുന്ന് വീട്ടില്‍ കേശവന്റെ ഭാര്യ ദേവി (21) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ കയറി 20 പവന് സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന വസ്തുക്കളാണ് പ്രതികള്‍ മോഷ്ടിച്ചത്.
രാവിലെ മുതല്‍ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ എന്ന വ്യാജേന കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ നോക്കിവച്ച് മോഷണം നടത്തുന്ന രീതിയായിരുന്നു ഇവരുടേത്.
ചില വീടുകളില്‍ രാത്രി സമയങ്ങളില്‍ ഇവരോടൊപ്പമുള്ള പുരുഷന്മാരാണ് മോഷണത്തിന് കയറുന്നത്. ആ സമയം വീട്ടിനുള്ളില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആക്രമിക്കാനും മടിക്കില്ല.
സിസിടിവി കാമറ ഉള്ള വീടുകളെ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു ഇവരുടെ മോഷണരീതി. ആരുമില്ലാത്ത പൂട്ടിക്കിടക്കുന്ന വീടാണെന്ന് മനസിലാക്കാന്‍ എന്തെങ്കിലും അടയാളം വയ്ക്കും. പിന്നീട് വന്ന് മോഷണം നടത്തുകയായിരുന്നു പതിവ്.
മോഷണം നടന്ന വീട്ടില്‍ സിസിടിവി കാമറകള്‍ ഇല്ലാതിരുന്നത് അന്വേഷണത്തെ സാരമായി ബാധിച്ചു. പിന്നീട് അന്വേഷണ സംഘം ആ വീടിന്റെ പരിസരത്തുള്ള കാമറകള്‍ പരിശോധിച്ചപ്പോഴാണ് നാടോടി സ്ത്രീകളെക്കുറിച്ചു വിവരം ലഭിച്ചത്.
തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒന്നാം പ്രതിയെ പരിശോധിച്ചതില്‍ മോഷണ മുതലിന്റെ കുറച്ചു ഭാഗം അവരുടെ ശരീര ഭാഗത്തുനിന്ന് തന്നെ കണ്ടു കിട്ടി.
ചോദ്യം ചെയ്തതില്‍നിന്നു കിട്ടിയ വിവരങ്ങളനുസരിച്ച് മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.