കോഴിക്കോട് : കോടതി വളപ്പില്‍ നിന്ന് കോണ്‍ക്രീറ്റിന് സൂക്ഷിച്ച 700 കിലോ കമ്പി മോഷ്ടിച്ച അഞ്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ കേസുകളില്‍ പങ്കുള്ളതായി സൂചന.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലേയും മറ്റിടങ്ങളിലേയും വിവിധ സ്ഥലങ്ങളില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം ചോദ്യം ചെയ്യലിനോട് പൂര്‍ണമായും നിസഹകരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രതികളുടെ ഫോട്ടോ മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ മാധ്യമങ്ങള്‍ വഴിയും ഫോട്ടോകള്‍ പരസ്യപ്പെടുത്തിയതിനാല്‍ പ്രതികളെ തിരിച്ചറിയും.
നടോടി സ്ത്രീകളായതിനാല്‍ മോഷണം നടന്ന സ്ഥലങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. ഇതുവഴി കൂടുതല്‍ കേസുകളില്‍ ഇവരുടെ പങ്ക് കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
താമരശ്ശേരി അമ്പായത്തോട് കോളനിയില്‍ താമസിക്കുന്ന അന്തര്‍ സംസ്ഥാനക്കാരായ ശെല്‍വി, മങ്കമ്മ, ചിത്ര, ശാന്തി, രാസാത്തി എന്നിവരെയാണ് ടൗണ്‍ പോലീസ് ഇന്നലെ പിടികൂടിയത്.
കഴിഞ്ഞയാഴ്ചയാണ് ജില്ലാ കോടതി ക്വാട്ടേഴ്സ് പരിസരത്തുനിന്നും 25,000 രൂപയിലേറെ വിലവരുന്ന കോണ്‍ക്രീറ്റ് കമ്പികള്‍ ഇവര്‍ കവര്‍ന്ന് ഓട്ടോയില്‍ കൊണ്ടുപോയത്.
കമ്പികള്‍ താമരശേരിയിലുള്ള ആക്രികടയില്‍ വില്‍പ്പന നടത്തിയതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു. അന്വേഷണത്തില്‍ തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്തു.
വെള്ളിയാഴ്ച ഉച്ചയോടെ തൊണ്ടയാട് ഭാഗത്ത് നിന്നാണ് സംഘം പിടികൂടിയത്. ഇവര്‍ മോഷണം നടത്തുന്നത് കോടതിയുടെ സമീപത്തെ സിസിടിവിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
എസ്ഐ കെ.ടി. ബിജിത്ത്, എസ്ഐ വി.വി. അബ്ദുല്‍ സലീം, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സജേഷ് കുമാര്‍, സുനിത, ജിജി, സിവില്‍ പോലീസ് ഓഫിസര്‍ അനൂജ് എന്നിവരാണ് ഇവരെ അറസ്റ്റുചെയ്തത്.
എല്ലാം നോക്കി കാണും… പിന്നീട് ‘സ്വന്തമാക്കും’
കോഴിക്കോട്: പോലീസ് പിടിയിലായ നാടോടി സ്ത്രീകള്‍ മോഷണം നടത്തുന്നത് പ്രത്യേകം പദ്ധതി തയാറാക്കിയ ശേഷം. റോഡരികില്‍ കെട്ടി നിര്‍മാണം നടക്കുന്ന സ്ഥലങ്ങളാണ് ഇവര്‍ ആദ്യം അന്വേഷിക്കുന്നത്. കാല്‍നടയായി സഞ്ചരിച്ച ശേഷമാണ് ഇവ കണ്ടെത്തുന്നത്.
ഇപ്രകാരം കെട്ടിടം കണ്ടെത്തിയാല്‍ രണ്ടോ മൂന്നോ പേര് അവിടെ കയറി പരിശോധിക്കും. ഇരുമ്പ് കമ്പികളും മറ്റു വസ്തുക്കളും കൂട്ടിയിട്ടത് കണ്ടാല്‍ പുറത്തിറങ്ങും.
ഇപ്രകാരം ഒരു പ്രദേശത്തെ റോഡരികിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ പലതും പരിശോധിക്കുകയും കമ്പികളും മറ്റും ഉണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
പിന്നീട് ഓട്ടോയില്‍ എത്തി ഇവ കയറ്റി പോവുകയാണ് ചെയ്യുന്നത്. കോഴിക്കോട് പഴയ സാധനങ്ങള്‍ വില്‍ക്കുന്നിടത്ത് ഒരിക്കല്‍ പോലും ഇവര്‍ വില്പന നടത്തിയിട്ടില്ല. താമരശേരിയില്‍ കൊണ്ടുപോയാണ് വിറ്റഴിക്കുന്നത്.
വീടുകളിലും ഇവര്‍ മോഷണം നടത്തുന്നുണ്ട്. അഞ്ചുപേര്‍ വീടിന്റെ വിവിധ ഭാഗങ്ങളിലൂടെ കയറുകയും പുറത്തുള്ള വസ്തുക്കളെല്ലാം മോഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
പിടികൂടിയാല്‍ എല്ലാവരും കൂടി ഒരുമിച്ച് കരഞ്ഞ് ബഹളം വയ്ക്കുകയും മാപ്പ് പറഞ്ഞ് രക്ഷപ്പെടുകയുമാണ് ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. കോടതിക്ക് സമീപത്തെ സിസിടിവില്‍ അഞ്ച് പേരെ കണ്ടതോടെയാണ് ഇവരെകുറിച്ച് അന്വേഷിച്ചത്.
പല ഗ്രൂപ്പുകളിലായി ഈ അഞ്ച് നാടോടി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. അതിനിടെ ഇന്നലെ തൊണ്ടയാട് ഇവരെ കണ്ടതായി കണ്ട്രോള് റൂമില്‍ നിന്നുള്ള പോലീസുകാരന്റെ സന്ദേശം ടൗണ്‍ പോലീസിലെത്തി.
ഉടന്‍ തന്നെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സജേഷ് കുമാറും സിവില്‍ പോലീസ് ഓഫീസര്‍ അനൂജ് ബൈക്കില്‍ ഈ സംഘത്തെ പിന്തുടര്ന്നു. ഇവര്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളില്‍ കയറിയിറങ്ങുന്നതായി കണ്ടു. ഒടുവില്‍ പിടികൂടുകയുമായിരുന്നു.