കെ.എസ്. ഫ്രാൻസിസ്
കട്ടപ്പന: ഒരു ദുരന്തം കഴിഞ്ഞു; വരാനിരിക്കുന്നത് നാടുകടത്തൽ എന്ന വലിയ ഭീഷണി. പ്രകൃതിക്ഷോഭത്തിൽ വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ട ആയിരങ്ങളുടെ പുനരധിവാസം വലിയ സാമൂഹ്യപ്രശ്നമായി മാറുകയാണ്. വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ടവരെ എവിടെ, എങ്ങിനെ പുനരധിവസിപ്പിക്കും എന്ന കാര്യത്തിൽ സർക്കാരോ ജില്ലാ ഭരണകൂടമോ വ്യക്തത വരുത്തിയിട്ടില്ല.
ചിത്രം അവ്യക്തം
വീടു നഷ്ടപ്പെട്ടവർക്ക് നാലുലക്ഷം രൂപയും സ്ഥലം നഷ്ടപ്പെട്ടവർക്ക് ആറുലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനംകൊണ്ട് ജില്ലയിൽ ഇവ നഷ്ടമായ അയ്യായിരത്തോളം കുടുംബങ്ങളുടെ താമസസൗകര്യവും ജീവനോപാധികളും വീണ്ടെടുക്കാനാകില്ല. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളിൽ വീടുനിർമാണവും നവീകരണവും സർക്കാർ വിലക്കിയിട്ടുണ്ട്. വീടുവയ്ക്കുന്നതിനും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും കൃഷി നടത്തുന്നതിനും സർക്കാർ ഭൂമി കണ്ടെത്തി നൽകണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇതുസംബന്ധിച്ച് സർക്കാർതലത്തിൽ ആലോചന ഉണ്ടായിട്ടില്ല.
ക്യാന്പുകളിൽ
ഇടുക്കി, പീരുമേട്, ദേവികുളം, തൊടുപുഴ താലൂക്കുകളിൽ ഇപ്പോഴും 10 ദുരിതാശ്വാസ ക്യാന്പുകളിലായി 440 ആളുകൾ കഴിയുന്നുണ്ട്. നിർബന്ധമായി ക്യാന്പുകളിൽനിന്ന് ഒഴിവാക്കിയവർ ഉൾപ്പെടെയുള്ള ആയിരക്കണക്കിനാളുകൾ ബന്ധുവീടുകളിലും വാടകവീടുകളിലുമാണ് കഴിയുന്നത്. ഇത് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നതല്ല. ഇന്നല്ലെങ്കിൽ നാളെ ഇവർ ഇവിടെനിന്നും ഒഴിയേണ്ടിവരും. ഇങ്ങനെയുള്ളവരുടെ ഉപജീവന മാർഗംപോലും അടഞ്ഞിരിക്കുകയാണ്. ഇവർക്കു വീടുകൾ നിർമിക്കാനും ജീവനോപാധികൾ പുനഃസ്ഥാപിക്കാനും ഏറെ ബുദ്ധിമുട്ടേണ്ടിവരും.
ഒന്നുമില്ലാതെ
ഹൈറേഞ്ചിൽ കൃഷി വരുമാനമാർഗമായിരുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണ് നിർധനരായിരിക്കുന്നത്. ഇടുക്കിയിൽ സ്ഥലം നഷ്ടപ്പെട്ടവരുടെ എണ്ണമോ നഷ്ടപ്പെട്ട സ്ഥലത്തിന്റെ വ്യാപ്തിയോ ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. പ്രളയം ദുരിതംവിതച്ചിട്ട് 20 ദിവസം കഴിഞ്ഞു. ഹൈറേഞ്ചിൽ കുറഞ്ഞത് ഒരേക്കറെങ്കിലും സ്ഥലമുള്ളവരാണ് കർഷകരിലേറെയും.
ഒട്ടുമിക്ക വീടുകളും ക്ഷീരകൃഷിയിലൂടെയാണ് ദൈനംദിന ചെലവിനുള്ള വക കണ്ടെത്തിയിരുന്നത്. വിളനാശവും വളർത്തുമൃഗങ്ങളുടെ നഷ്ടവും ഭവന നഷ്ടവും വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടവും വിവരണാതീതമാണ്. ഇതുമായി ബന്ധപ്പെട്ട് തൊഴിലെടുത്തു ജീവിച്ചിരുന്നവരും കഷ്ടത്തിലാണ്. ഈ സാഹചര്യത്തിൽ കർഷകരുടെയും തൊഴിലാളികളുടെയും പുനരധിവാസത്തിന് ഏറെ മുന്നൊരുക്കം വേണ്ടതാണ്. ആ നിലയിലുള്ള ആലോചനകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നത് പലരേയും ആശങ്കപ്പെടുത്തുന്നുണ്ട്.
ആശങ്ക ബാക്കി
ഇതുവരെ ജീവിച്ച സാഹചര്യങ്ങളിൽനിന്ന് മാറി എവിടെയെങ്കിലും താമസിക്കുകയെന്നതും എന്തെങ്കിലും തൊഴിൽ ചെയ്യുക എന്നതും പലർക്കും ചിന്തിക്കാനാകാത്തതുമാണ്. ഏറ്റവും പുതിയ ഒൗദ്യോഗിക കണക്കുപ്രകാരം 1535 വീടുകൾ ഇടുക്കിയിൽ പൂർണമായി ഇല്ലാതായിട്ടുണ്ട്. 3061 വീടുകൾ വാസയോഗ്യമല്ല. പെരിയാറിന്റെ തീരങ്ങളിൽ ചെറുതോണി, തടി യന്പാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വീട് നഷ്ടമായവരുടെ കണക്ക് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല.
വീട് നഷ്ടമായി കൃഷിസ്ഥലം ശേഷിച്ചവരും കൃഷി സ്ഥലം നഷ്ടപ്പെട്ട് വീടു ശേഷിച്ചവരും വേറെയുണ്ട്. ഇത്തരം സാമൂഹ്യ സാഹചര്യങ്ങൾ കണക്കിലെടുക്കുന്പോൾ പ്രളയബാധിതരെ എവിടെയെങ്കിലുമൊക്കെ പുനരധിവസിപ്പിക്കാമെന്നത് പ്രായോഗികമായി ഏറെ വിഷമം പിടിച്ചതാണ്. നിലവിലുള്ള ആവാസ മേഖലയിൽതന്നെ സ്ഥലം കണ്ടെത്തി പുനരധിവാസം നടത്താനായില്ലെങ്കിൽ പലർക്കും മുന്നോട്ടുള്ള ജീവിതംതന്നെ പ്രതിസന്ധിയിലാകും. തൊഴിലും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം പലർക്കും ബാധ്യതയാകും.