കണ്ണൂർ: ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശിയായ യുവാവിന് യുഎഇയിൽ കീഴ്ക്കോടതി വിധിച്ച ജയിൽ ശിക്ഷയും ലക്ഷങ്ങളുടെ നഷ്ടപരിഹാരവും നാടുകടത്തൽ ശിക്ഷയും അപ്പീൽക്കോടതി റദ്ദാക്കി യുവാവിനെ കുറ്റവിമുക്തനാക്കി. ദിനിൽ ദിനേശ് എന്ന യുവാവിനെയാണ് യുഎഇ അപ്പീൽക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
ദുബായിയിലെ ഓട്ടോമേഷൻ കന്പനിയിൽ ജീവനക്കാരനായ യുവാവിന്റെ മേലുദ്യോഗസ്ഥൻ നടത്തിയ ക്രമക്കേടിൽ യുവാവും പങ്കാളിയാണെന്ന് കാണിച്ച് നൽകിയ പരാതിയിലായിരുന്നു കീഴ്ക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെയായിരുന്നു അപ്പീൽ കോടതിയിൽ ഹർജി നൽകിയത്.
ക്രമക്കേട് നടത്തിയ മേലുദ്യോഗസ്ഥൻ സ്ഥാപനത്തിൽനിന്ന് രാജിവച്ച് നാട്ടിലേക്ക് പോയിരുന്നു. ഇയാൾ നടത്തിയ ക്രമക്കേട് അറിയാതെ ദിനിൽ പിന്നീട് ഇയാളോട് ജോലി സംബന്ധമായ സംശയ നിവാരണത്തിന് ബന്ധപ്പെട്ടിരുന്നു. ഇതിനായി രാജിവച്ചു പോയ മേലുദ്യോഗസ്ഥൻ കന്പനിയുടെ പാസ് വേഡ് യുവാവിൽനിന്നും കൈക്കലാക്കി ദുരുപയോഗം ചെയ്തെന്നും രണ്ടു പേരും ചേർന്ന് വഞ്ചിച്ചെന്നുമായിരുന്നു ഉടമ നൽകിയ പരാതി.
പരാതി പരിഗണിച്ച കീഴ്ക്കോടതി യുവാവിന് മൂന്നു മാസം ജയിൽ ശിക്ഷയും ഒന്നര ലക്ഷം ദിർഹം (33 ലക്ഷം ഇന്ത്യൻ രൂപ) ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാനും ഇതിനുശേഷം യുഎയിൽ നിന്ന് നാടുകടത്താനും വിധിക്കുകയായിരുന്നു. എന്നാൽ യുവാവിന്റെ നിരപരാധിത്വത്തെക്കുറിച്ച് അറിഞ്ഞ യാബ് ലീഗല്‍ സര്‍വീസസ് സിഇഒയും കണ്ണൂർ സ്വദേശിയുമായ സലാം പാപ്പിനിശേരി വിഷയത്തിൽ സൗജന്യ നിയമസഹായം നൽകി അപ്പീൽ സമർപ്പിക്കുകയായിരുന്നു.
പ്രതിചേർക്കപ്പെട്ട യുവാവ് കുറ്റകൃത്യം ചെയ്തു എന്നതിനോ മെയിൽ ആക്ടിവേറ്റ് ചെയ്തത് ഇദ്ദേഹം തന്നെയാണെന്നതിനോ മതിയായ തെളിവുകളൊന്നും അപ്പീൽ കോടതിക്ക് മുന്‍പാകെ ഹാജരാക്കാൻ കന്പനിക്കായില്ല.