കുളമാവ്: ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി നാടുകാണിയും സമീപ പ്രദേശങ്ങളും. നാടുകാണി പവലിയനും കാനനം റിസോർട്ടിനും ഇടയിലുള്ള പ്രദേശമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
ഇവിടെയെത്തിയാൽ പ്രകൃതിയുടെ വശ്യത നുകരാം. നാടുകാണി പവലിയനു സമീപത്തു നിന്നും 100 മീറ്റർ മാറിയാണ് പ്രകൃതി രമണീയമായ പ്രദേശം സ്ഥിതിചെയ്യുന്നത്. കുളമാവിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് ഇവിടം. ടൂറിസംമാപ്പിൽ ഈ പ്രദേശം ഇടം പിടിച്ച് വരുന്നതേയുള്ളു.
തണുത്ത കാറ്റും കോടമഞ്ഞുമാണ് ഇവിടുത്തെ പ്രത്യേകത. ധാരാളം വിനോദ സഞ്ചാരികൾ ഇവിടം സന്ദർശിക്കാനെത്തുന്നുണ്ട്.
തൊടുപുഴ – പുളിയൻ മല സംസ്ഥാന പാതയിൽ നിന്നും 200 മീറ്റർ അകലെയാണ് ഈ പ്രദേശം സ്തിതി ചെയ്യുന്നത്. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഇവിടെ കൂടുതൽ പേർ എത്തുന്നത്.
അടുത്ത കാലത്താണ് പഞ്ചായത്ത് ഇവിടേക്ക് കോണ്ക്രീറ്റ് റോഡ് നിർമിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തും. കുട്ടികൾക്കുള്ള പാർക്ക്, പൂന്തോട്ടം, വിശ്രമകേന്ദ്രങ്ങൾ, ദുരദർശനി, റോഡ് വശങ്ങളിൽ പൂമരങ്ങൾ തുടങ്ങിയവ ഒരുക്കിയാൽ അത് സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാകും.
ഇവിടെ നിന്നാൽ മൂലമറ്റം ടൗണ് മുതൽ തൊടുപുഴ വരെയുള്ള പ്രദേശങ്ങളുടെ ആകാശ കാഴ്ച കാണാൻ സാധിക്കും. മലയിടുക്കുകൾക്കിടയിലൂടെ നിറഞ്ഞൊഴുകുന്ന മലങ്കര ജലാശയം അതിമനോഹരമായ ദൃശ്യമാണ്. നാടുകാണി പവലിയനേക്കാൾ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.