എടക്കര: നാടുകാണിച്ചുരം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു: നാടുകാണിച്ചുരത്തിൽ വാഹന യാത്രക്കാർക്കും, കൃഷിയിടങ്ങളിൽ കർഷകർക്കും കാട്ടാനകൾ ഭീഷണിയാകുന്നു.
നാടുകാണി ചുരത്തിലെ ഒന്നാം വളവിലാണ് ഇന്നലെ പുലർച്ചെ കൊന്പൻ കൊലവിളിയുമായി എത്തിയത്. ഇതോടെ ചുരംവഴിയുള്ള വാഹന യാത്രക്കാർ ഭീതിയിലായി.
ഇരുവശങ്ങളിലുമായി യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും ഏറെ നേരം നിർത്തിയിടേണ്ടിവന്നു.
കൊന്പൻ കാട്ടിലേക്ക് മടങ്ങിയ ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്. ചുരംപാതയിൽ ഒരു മണിക്കൂറോളം കൊന്പൻ യാത്രക്കാരെ ഭീതിയിലാഴ്ത്തി.
കഴിഞ്ഞ ദിവസം ചുരത്തിൽ കത്തിയ ലോറിയുടെ തീയണക്കാനുളള ശ്രമം നടക്കുന്പോൾപ്പോലും ആനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചിരുന്നു.
കാട്ടാനശല്യംമൂലം അറണാടംപാടത്തും, മാമാങ്കരയിലും ആനമറിയിലും ജനങ്ങൾ ഏറെ ദുരിതത്തിലാണ്. വേനൽ ശക്തമായതോടെ തമിഴ്നാട്, കർണാടക വനങ്ങളിൽ നിന്നും കാട്ടാനകൾ വെള്ളവും, തീറ്റയും തേടി നാടുകാണി മുതൽ ന്യൂ അമരന്പലം റിസർവ് വരെ നീണ്ടുകിടക്കുന്ന വനമേഖലയിലേക്ക് കൂട്ടമായെത്തും.
വന്യമൃഗങ്ങൾക്ക് വെളളം ലഭിക്കുന്നതിന് നിരവധി കുളങ്ങൾ കരിയംമുരിയം, നെല്ലിക്കുത്ത് വനങ്ങളിൽ വനംവകുപ്പ് നിർമിച്ചിട്ടുണ്ട്. ആന ഉൾപ്പെടെയുളള നിരവധി മൃഗങ്ങളാണ് വെള്ളംതേടി ഈ കുളങ്ങളിൽ എത്തുന്നത്.
തുടർന്ന് ഇവ ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ് പതിവ്. കഴിഞ്ഞ വെളളിയാഴ്ച രാത്രി മാമാങ്കര നടുപ്പൊട്ടി അക്കരക്കുളവൻ അസൈനാർ, പട്ടിക്കാടൻ കരിം എന്നിവരുടെ വീടിനോട് ചേർന്ന കൃഷിയിടത്തിലെ വാഴകൾ, ചക്ക എന്നിവ നശിപ്പിച്ചിരുന്നു.
വനാതിർത്തികളിൽ സ്ഥാപിച്ച വൈദ്യുത വേലികളുടെ പ്രവർത്തനം അവതാളത്തിലായതോടെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ വിഹരിക്കുകയാണ്.