കുന്നിക്കോട്: പത്തനാപുരം-കിഴക്കേത്തെരുവ് മിനി ഹൈവേയിലെ നടുത്തേരിയിൽ പുതിയ പാലം വേണം.
പഴയ പാലത്തിലൂടെ ഒരേ സമയം ഇരു ദിശയിലേക്കും വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ തക്ക വീതിയില്ലാത്തതാണ് കാരണം. അടുത്തിടെ ഗുണനിലവാരത്തിൽ വീതികൂട്ടി നവീകരിച്ച മിനി ഹൈവേയിൽ നിലവിലെ പാലം കുപ്പിക്കഴുത്തിന് സമാനമാണ്.
പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നു വന്നാൽ ഇത് കടന്നു പോയ ശേഷമേ എതിർ ദിശയിലുള്ള അടുത്ത വാഹനത്തിന് കടന്ന് പോകാനാവൂ. ഇവിടെയാകട്ടെ ചെറിയ വളവ് തിരിഞ്ഞെത്തുന്ന ഭാഗവുമാണ്. വാഹങ്ങൾ വേഗത്തിൽ എത്തുന്ന റോഡിൽ പാലത്തിന്റെ വീതി കുറവ് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുപ്പത് വർഷം മുമ്പ് നിർമിച്ചതാണ് നിലവിലെ പാലം.
റോഡ് നവീകരിച്ചതോടെ പാലത്തിന് അനുസൃതമായ വീതി ഇല്ലാതെ വന്നു. പുതിയ പാതയിലൂടെ വാഹനത്തിരക്ക് ഏറിയതോടെ അപകടാവസ്ഥ ഭയന്ന് നാട്ടുകാർ പാലത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പാലത്തിന് ബലക്ഷയമുണ്ടെന്നും ഭാരവാഹനങ്ങൾ കടക്കരുതെന്നുമായിരുന്നു മുന്നറിയിപ്പ്. എന്നാൽ പാലത്തിന് ബലക്ഷയമില്ല.
വീതിക്കുറവു കാരണമായുള്ള അപകടാവസ്ഥയാണ് നിലവിലുള്ളതെന്ന് മുൻ വാർഡംഗം പറഞ്ഞു. തലവൂർ ഗ്രാമപ്പഞ്ചായത്തിലെ നടുത്തേരി കൊടുമൺ വേളിപ്ര തോടിന് കുറുകേയുള്ളതാണ് പാലം. ഇതിന് സമീപത്തായി മറ്റൊരു പാലവും കൂടി നിർമിക്കണമെന്നാണ് ആവശ്യം.