തിരുവനന്തപുരം: അഞ്ചു വർഷത്തിനുള്ളിൽ ഭാരതത്തെ മൂന്നാം സാമ്പത്തികശക്തി ആക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാട്ടാക്കടയിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
കേരളത്തിൽ വലിയ വികസന പദ്ധതികൾ കൊണ്ടുവരും. വിനോദ സഞ്ചാര രംഗത്തു പുത്തൻ വികസന പദ്ധതികൾ വരും. കൂടുതൽ ഹോം സ്റ്റേകൾ തുടങ്ങുകയും തീര വികസനത്തിനു മുൻഗണന നൽകുകയും ചെയ്യും. അതുപോലെതന്നെ മത്സ്യസമ്പത്ത് കൂട്ടാൻ പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിൻ വരുമെന്നും സർവേ നടപടി പുതിയ സർക്കാർ തുടങ്ങുമെന്നും മോദി കൂട്ടിച്ചേർത്തു.
ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ഗാരണ്ടിയാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വലിയ തോതിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു.
കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരേ പ്രധാനമന്ത്രി പ്രസംഗത്തിനിടെ രൂക്ഷ വിമർശനമുന്നയിച്ചു. ഇവിടെ വലിയ ശത്രുക്കളായവർ ദില്ലിയിൽ സുഹൃത്തുക്കളാണ്. ഇടത്-വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. ഇന്ന് കേരളത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു.
കോണ്‍ഗ്രസിനും ഇടത് പാർട്ടികൾക്കും ഒരു വ്യത്യാസവും ഇല്ലെന്നു പറഞ്ഞ മോദി രണ്ട് കൂട്ടരും അഴിമതിക്കാരാണെന്നും അഴിമതി നടത്താൻ മത്സരിക്കുന്നവരാണെന്നും കുറ്റപ്പെടുത്തി. രണ്ടു പേരും വികസന വിരോധികളാണ്.
ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടും അഴിമതിക്ക് എതിരേയുള്ളതാണെന്നും കേരളത്തിലെ ഓരോ വീടുകളിലും തന്റെ സന്ദേശം എത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎ സ്ഥാനാർഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ജി. കൃഷ്ണകുമാർ, പി.കെ. കൃഷ്ണദാസ്, നടിയും നർത്തകിയുമായ ശോഭന തുടങ്ങിയവർ പങ്കെടുത്തു.
സ്വന്തം ലേഖകൻ