വളാഞ്ചേരി: വൈക്കത്തൂരിലെ വാടക ക്വാട്ടേഴ്സിൽൽ താമസിച്ചിരുന്ന ഹോംനഴ്സിന്റ മരണം കൊലപാതമാണെന്ന് പോലീസ് നിഗമനം. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ സൂഫിയ മൻസിലിൽ റഫീഖിന്റെ ഭാര്യ നഫീസത്തി (52)നെ ചൊവ്വാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹം വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്സിലാണ് കണ്ടത്.
പോലീസ് നടത്തിയ അന്വഷണത്തിൽ നഫീസത്തിനെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പടുത്തിയതാണെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. വീട്ടിലെ മുറിക്കുള്ളിൽ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഇവരെക്കുറിച്ചു ഫോണിൽ വിവരങ്ങൾ ലഭ്യമാകാതിരുന്നതോടെ പൊന്നാനിയിലുള്ള നഫീസത്തിന്റെ മകൻ ഷഫീഖ് ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. ടി.വിയും ലൈറ്റുകളും പ്രവർത്തിച്ചിരുന്നു. തിരൂർ ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, വളാഞ്ചേരി എസ്.എച്ച്.ഒ എം.മനോഹരൻ, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവർ പരിശോധന നടത്തി. വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി താമസിച്ച് ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു നഫീസത്ത്. നാലു മാസം മുന്പാണ് വൈക്കത്തൂരിലെ ക്വാർട്ടേഴ്സിൽ തനിച്ച് താമസം തുടങ്ങിയത്. നഫീസത്തുമായും അവർ ജോലി ചെയ്യുന്ന വീടുമായും ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.