ഭൂഗോളത്തിന്റെ ഏതു കോണിൽ പോയാലും പ്രഷർ കുക്കറുമായി നടക്കുന്ന ഒരു അമ്മയുണ്ട് ചെന്നൈയിൽ.പ്രഷർ കുക്കറുമായി നടക്കുന്നതെന്തിനാണെന്നാണ് ചോദ്യമെങ്കിൽ ഒരുത്തരം മാത്രം, മകനു രസവും ചോറുമാണ് ഏറ്റവും ഇഷ്ടം.
ആരാണ് ഈ മകൻ എന്നു ചോദിച്ചാൽ പേര് രമേഷ്ബാബു പ്രഗ്നാനന്ദ. അതേ, 2023 ചെസ് ലോകകപ്പ് ഫൈനലിലെത്തി ഇന്ത്യയുടെ അഭിമാനമായ പ്രഗ്നാനന്ദതന്നെ.
ലോകകപ്പ് ചെസ് ടൂർണമെന്റിനായി അസർബൈജാനിലെ ബാക്കുവിലേക്കു വിമാനം കയറിയപ്പോഴും പ്രഗ്നാനന്ദയുടെ അമ്മ നാഗലക്ഷ്മി ആദ്യം പായ്ക്ക് ചെയ്തത് പ്രഷർ കുക്കറും ഇൻഡക്ഷൻ സ്റ്റൗവും അരിയും മസാലകളുംതന്നെ.
മകന്റെ ചെസ് ലോക യാത്രയിൽ കുട്ടിക്കാലം മുതൽ കൂട്ടുകാരിയായുള്ളതും നാഗലക്ഷ്മിയാണ്. ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛൻ ജോലിത്തിരക്കിലാണെങ്കിലും മകന്റെ നേട്ടങ്ങളിൽ കൃത്യമായ നോട്ടമെത്തിക്കുന്നു.
മകന്റെ എല്ലാ നേട്ടങ്ങൾക്കു പിന്നിലും നാഗലക്ഷ്മിയുടെ സമർപ്പണമാണെന്നാണു പ്രഗ്നാനന്ദയുടെ അച്ഛൻ രമേഷ്ബാബുവിന്റെ സാക്ഷ്യം.
2023 ലോകകപ്പ് ചെസ് ചാന്പ്യൻഷിപ്പിനിടെ നാഗലക്ഷ്മിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. അഭിമുഖം നൽകുന്ന മകന്റെ മുഖത്തേക്കു നോക്കിനിൽക്കുന്ന നാഗലക്ഷ്മിയാണ് ഈ ചെസ് ലോകകപ്പിന്റെ ഓർമച്ചിത്രം…