അമേരിക്കന്‍ യുവതി എന്ന പേരില്‍ പരിചയപ്പെട്ട് കൊല്ലത്തെ പ്രവാസിയില്‍ നിന്ന് 1.6 കോടി രൂപ തട്ടിയ നാഗാലാന്‍ഡ് സ്വദേശി പിടിയില്‍.
കൊഹിമ സ്വദേശി യാമ്പമോ ഒവുങ്(33) എന്നയാളെ ഡല്‍ഹിയില്‍നിന്നാണ് കൊല്ലം റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കരയ്ക്കടുത്ത് കുന്നിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്.
തട്ടിപ്പിനു പിന്നില്‍ വന്സംഘമുണ്ടെന്നു കണ്ടെത്തിയ പോലീസ് മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്.
ഫേസ്ബുക്കിലൂടെയാണ് വിദേശവനിതയെന്ന പേരില്‍ യാമ്പമോ പ്രവാസിയെ പരിചയപ്പെട്ടത്. ബിസിനസ് പങ്കാളി ആക്കാമെന്നും ലക്ഷങ്ങള്‍ വിലയുള്ള സമ്മാനം നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.
സമ്മാനം ലഭിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ പണം ആവശ്യപ്പെട്ടായിരുന്നു തുടക്കം. ഒന്നരവര്‍ഷത്തിനുള്ളില്‍ 1.6 കോടി രൂപ ഇത്തരത്തില്‍ തട്ടിയെടുത്തു.
47 വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.
വീണ്ടും പണം ആവശ്യപ്പെട്ടുള്ള ഭീഷണി വര്‍ധിച്ചതോടെയാണ് പോലീസില്‍ പരാതിനല്‍കിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി.രവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ ക്രൈം പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു.
ഡല്‍ഹി കിഷന്ഗഡില്നിന്നാണ് പ്രധാനപ്രതിയായ യാമ്പമോ ഒവുങ്ങിനെ കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഏലിയാസ് പി.ജോര്‍ജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സി.എസ്.ബിനു, സിവില്‍ പോലീസ് ഓഫീസര്‍ ജി.കെ.സജിത്ത് എന്നിവര്‍ അറസ്റ്റ് ചെയ്തത്.
ഡല്‍ഹി ഗുഡ്ഗാവ് ഐ.ടി. പാര്‍ക്കില്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസ് റെപ്രസെന്റേറ്റീവ് ആയി ജോലിനോക്കുകയായിരുന്നു ഇയാള്‍. പട്യാല മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിലേക്ക് വാറന്റ് അനുവദിച്ചു. തിങ്കളാഴ്ച കൊല്ലം കോടതിയില്‍ ഹാജരാക്കും.
സുന്ദരിയായ യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ചാണ് യാമ്പമോ പ്രവാസിയെ വീഴ്ത്തിയത്. ചാറ്റിംഗ് സൗഹൃദവും അതിനപ്പുറവുമുള്ള ഹൃദയബന്ധവുമായി വളര്‍ന്നു.
അമേരിക്കവിട്ട് കേരളത്തിലെത്തി ബിസിനസ് ചെയ്യാമെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും അവര്‍ വാഗ്ദാനം നല്കി.
കപ്പലില്‍ ജോലിയായതിനാല്‍ ആറുമാസം കഴിഞ്ഞേ ഇനി കരയ്ക്കെത്തൂ എന്നും വന്നാലുടനെ കേരളത്തിലെത്തുമെന്നും ഉറപ്പുനല്‍കി.
സൗഹൃദം വളരുന്നതിനിടെയാണ് നായകന്റെ പിറന്നാളെത്തുന്നത്. പിറന്നാളിന് വിലപിടിപ്പുള്ള സമ്മാനം നല്‍കുമെന്നും വേണ്ടെന്നു പറയരുതെന്നും നായികയുടെ അഭ്യര്‍ഥന.
ഒടുവില്‍ വഴങ്ങി. പിറന്നാള്‍ ദിനത്തില്‍ത്തന്നെ ഡല്‍ഹി കസ്റ്റംസില്‍നിന്ന് വിളിയെത്തി. വലിയ വിലപിടിപ്പുള്ള സമ്മാനം എത്തിയിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നുമായിരുന്നു അറിയിപ്പ്.
ഓരോ തവണ തുക അടയ്ക്കുമ്പോഴും കൂടുതല്‍ വിളികളെത്തി, പിന്നീട് ഭീഷണിയായി, ഇതോടെയാണ് റോസ്മേരി ചതിച്ചെന്ന് നായകന് മനസ്സിലായത്.
കേസന്വേഷിച്ച സൈബര്‍ ക്രൈം പോലീസ് റോസ്മേരിയെ തേടി കണ്ടെത്തിയപ്പോഴാണ് തട്ടിപ്പ് ചെറുതല്ലെന്നു ബോധ്യമായത്.
റോസ്മേരിയെന്ന പേരില്‍ വ്യാജ ഫേസ്ബുക്കുണ്ടാക്കി പ്രവാസിയെ വലയിലാക്കി പണം തട്ടിയത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള തട്ടിപ്പുസംഘമാണ്.
16 അക്കൗണ്ടിലേക്ക് 46 തവണയായാണ് പണം കൈമാറിയത്. എല്ലാം വിവിധ സംസ്ഥാനങ്ങളിലും വ്യത്യസ്ത ബാങ്കുകളിലും.
പിടിയിലായ നാഗലാന്‍ഡ് സ്വദേശിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് കൈമാറിയത് ആറുലക്ഷം രൂപയാണ്. അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലും ഉദ്യോഗസ്ഥര്‍ പോയി. രണ്ടാഴ്ച ഡല്‍ഹിയില്‍ തങ്ങിയാണ് പോലീസ് പ്രതിയെ പിടികൂടിയത്.