ജിബിൻ കുര്യൻ
കോട്ടയം: ആറരപതിറ്റാണ്ടു പിന്നിടുന്ന കേരളത്തിന്റ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും പുരോഗതിയുടെയും ഹൈടെക് കാഴ്ചാനുഭവം.
കേരളം എന്താണ്, എങ്ങനെയായിരുന്നു, കഴിഞ്ഞ കാലങ്ങളിൽ ഇവിടെ എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്ന വിശേഷങ്ങൾ കാണാനേറെയുണ്ട്… അറിയാനും!
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നാഗന്പടം മൈതാനിയിലൊരുക്കിയിരിക്കുന്ന ’എന്റെ കേരളം’ ’കേരളത്തെ അറിയാം’ എന്ന ചിത്രപ്രദർശനവും ടെക്നോ ഡെമോയിലുമാണ് കേരളത്തിന്റെ സാമൂഹ്യചരിത്രവും രാഷ്ട്രീയ സാംസ്കാരികതയും പ്രദർശിപ്പിച്ചിരിക്കുന്നത്.
കേരളത്തിന്റെ ഇന്നലെകൾ അടയാളപ്പെടുത്തിയ ചരിത്രത്തിന്റെ അന്വേഷണവും ശേഖരണവുമാണത്.
തനി കേരളയീയ മാതൃകയിൽ ഒരുക്കിയിരിക്കുന്ന പ്രവേശന കവാടത്തിലൂടെയാണ് ചിത്രപ്രദർശന വേദിയിലേക്ക് എത്തുന്നത്.
ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കുമരകം, ഇല്ലിക്കൽക്കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയവയുടെ മനോഹരമായ ദൃശ്യവിരുന്നും ലോകത്തിന്റെ നെറുകയിൽ ജില്ലയെ എത്തിച്ച ഉത്തരവാദിത്വ ടൂറിസത്തിന്റെ ഡെമോയും സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്.
തുടർന്നുള്ള ഓരോ സ്റ്റാളുകളിലും പതിറ്റാണ്ടുകളായി നേടിയെടുത്ത കേരളത്തിന്റെ ഒരോ മേഖലയിലെയും മാറ്റങ്ങൾ അനാവരണം ചെയ്യുന്നു.
മുറുക്കാൻ കടയിൽ തുടങ്ങി മാളുകളിലെത്തിനിൽക്കുന്ന വ്യാപാര മേഖല, വോട്ടുപെട്ടി മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെത്തി നിൽക്കുന്ന തെരഞ്ഞെടുപ്പു രംഗം, ഫിലിം റീൽ പെട്ടിയിൽ തുടങ്ങി ഒടിടി പ്ലാറ്റ് ഫോമിലെത്തി നിൽക്കുന്ന സിനിമ മേഖല,
ആവി യന്ത്രത്തിൽനിന്നും മെട്രോയും കടന്നു കെ-റെയിലിലെത്തി നിൽക്കുന്ന യാത്രാമാർഗങ്ങൾ… എന്നിങ്ങനെ സാമൂഹികവും സാംസ്കാരകവുമായ കേരളത്തിന്റെ എല്ലാ വളർച്ചയുടെയും മാറ്റങ്ങളുടെയും മുഖങ്ങൾ ഇഴമുറിയാതെ സന്ദർശകർക്കായി ദൃശ്യവത്കരിച്ചിരിക്കുന്നു.
സംസ്ഥാനത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും കട്ട് ഔട്ടുകൾ പ്രദർശനത്തിൽ ശ്രദ്ധേയമാണ്.
ജില്ലയുടെ ചരിത്രത്തിലെ നിർണായക സംഭവങ്ങളായ വൈക്കം സത്യഗ്രഹം, കായൽ സമ്മേളനം തുടങ്ങിയവയുടെ ദൃശ്യങ്ങളും പ്രദർശന നഗരിയിലുണ്ട്.
വൈക്കം മുഹമ്മദ് ബഷീറും കെ.ആർ. മീരയും എസ്. ഹരീഷും ഉൾപ്പെടുന്ന കോട്ടയത്തിന്റെ സാഹിത്യ തറവാടും ദേശത്തിന്റെ തനതു കലാരൂപങ്ങളുടെ നേർക്കാഴചയും മേളയുടെ ആകർഷണമാണ്.
പാരന്പര്യവും ചരിത്രവും കാഴ്ചാനുഭവമൊക്കുന്നതിനൊപ്പം സന്ദർശകർക്ക് ഉപ്പുതൊട്ടു കർപ്പൂരംവരെയുള്ള എല്ലാ അവശ്യസാധനങ്ങളും ലഭിക്കാനും സർക്കാരിന്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കാനും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സ്റ്റാളുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
മുട്ട സുനാമി, കിളിക്കൂട്, മണവാളൻ കോഴി… നാഗന്പടത്ത് രുചിപ്പെരുമ
കോട്ടയം: കുഞ്ഞി തലയിണ, മണവാളൻ കോഴി, ചിക്കൻ പൊട്ടിത്തെറിച്ചത്, മുട്ട സുനാമി, ചിക്കൻ മമ്മൂസ്, കിളിക്കൂട്… വായിൽ വെള്ളമൂറുന്ന മലബാർ രുചിയിലുള്ള വിഭവങ്ങളാണിത്.
എന്റെ കേരളം പ്രദർശന വിപണന മേളയിലെ കുടുംബ ശ്രീ യൂണിറ്റാണ് വ്യത്യസ്തമായ വിഭവങ്ങളാൽ ജനശ്രദ്ധ നേടുന്നത്. മുട്ട സുനാമി എന്നു കേട്ടാൽ പേടിക്കേണ്ട, കടലോളം രുചിയുള്ള മുട്ട വിഭവമാണിത്.
കണ്ടാൽ ഒരു കിളിയുടെ കൂട് പോലെയിരിക്കുന്ന പലഹാരമാണ് കിളിക്കൂട്. അതിനൊപ്പം ഒരു കാടമുട്ടയുമുണ്ടാകും. ഒരു കാട പൊരിച്ചത്, കാടമുട്ട, ചപ്പാത്തി എന്നിവ സ്റ്റീം ചെയ്ത ചുട്ടെടുക്കുന്നതാണ് കുഞ്ഞി തലയിണ.
മസാല നിറച്ച് സ്റ്റീം ചെയ്തെടുക്കുന്ന പലഹാരമാണ് ചിക്കൻ മമ്മൂസ്. ചിക്കൻ പൊട്ടിത്തെറിച്ച കോന്പോയാണ് വിഭവങ്ങളിലെ താരം.
ചിക്കൻ, ചപ്പാത്തി, പത്തിരി, കറി, മയണൈസ്, സലാഡ് എന്നിവ ഉൾപ്പെടുന്നതാണ് ചിക്കൻ പൊട്ടിത്തെറിച്ച കോന്പോ. വിഭവങ്ങൾ തീർന്നിട്ടില്ല,
ചട്ടിപ്പത്തിരി, കായപ്പോള, ഉന്നക്കായ, പഴം നിറച്ചത് എന്നിങ്ങനെ പലഹാരങ്ങളുടെ പട്ടിക നീളുകയാണ്. കോഴിക്കോട് കോർപറേഷനു കീഴിലെ സെൻട്രൽ സിഡിഎസിൽ ഉൾപ്പെടുന്ന കരുണ കുടുംബശ്രീയാണ് മലബാർ രുചിപ്പെരുമ എത്തിച്ചിരിക്കുന്നത്.
ജില്ലയുടെ സ്വന്തം കുമരകം സമൃദ്ധി, മേലുകാവ് എ വണ് എന്നിവയുടെ രുചിക്കൂട്ടുകളുമുണ്ട്. നാലുവരെയാണ് മേള. പ്രവേശനം സൗജന്യമാണ്.