കണ്ണൂർ: കാറുകൾ വാടകയ്ക്കെടുത്ത് വ്യാജ ആർസി ഉണ്ടാക്കി വിൽപന നടത്തിയ സംഭവത്തിൽ അറസ്റ്റിലായ തൃശൂർ വടക്കാഞ്ചേരി സ്വദേശിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തിയത് വ്യാപകമായ തട്ടിപ്പുകൾ.
തൃശൂർ വടക്കാഞ്ചേരി സ്വദേശി അഷറഫ് (43) നെയാണ് കഴിഞ്ഞദിവസം കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് നിരവധി തട്ടിപ്പു കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസിന് മനസിലായത്.
നാഗമാണിക്യം നൽകാമെന്ന പേരിൽ കേരളത്തിൽ പലരിൽ നിന്നുമായി ലക്ഷങ്ങൾ അഷറഫ് വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നോട്ടിരട്ടിപ്പ് തട്ടിപ്പും ഇയാൾ നടത്തിയിട്ടുണ്ട്.ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനായി പോലീസ് സംഘം കസ്റ്റഡിയിൽ വാങ്ങും.
വ്യാജ ആർസി കേസിൽ രണ്ടു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. തില്ലങ്കേരി കാവുംപടിയിലെ പുൽഹാൻപുരയിൽ കെ.വി. ഫൈസലി (40)നെ ഊട്ടിയിൽ നിന്നും കാസർഗോഡ് നീലേശ്വരം സ്വദേശി മന്നൻ പുറം റിയാസ് മൻസിലിൽ റിയസി(41)നെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയിരുന്നു. പാലക്കാട് സ്വദേശിയായ മൂന്നുപേരെ കൂടി പിടികൂടാനുണ്ട്.