കോട്ടയം: ടിപ്പർ ശരീരത്തുകൂടി കയറിയിറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. ഇന്നു രാവിലെ 7.30ന് നാഗന്പടം മേൽപാലത്തിന് സമീപമായിരുന്നു അപകടം. പേരൂർ സ്വദേശി ജോബി ജോസ് (39) ആണ് കൊല്ലപ്പെട്ടത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്പോഴായിരന്നു അപകടം സംഭിച്ചത്. ടിപ്പറിന്റെ പിന്നിലെ ചക്രത്തിനിടയിൽപ്പെട്ടാണ് മരണമടഞ്ഞത്.
മേൽപാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ തട്ടിയാണ് സ്കൂട്ടർ ടിപ്പറിനടിയിൽപ്പെട്ടത്. തല ടയറിനടിയിൽപ്പെട്ട് അരഞ്ഞ് പോവുകയായിരുന്നു. കുറച്ച് സമയത്തിനു ശേഷം ജോബിയുടെ ഭാര്യ സീന അപകടം നടന്ന സ്ഥലത്ത് യാദൃച്ഛികമായി എത്തിയപ്പോൾ സ്കൂട്ടർ ഇരിക്കുന്നത് കണ്ട് അടുത്തെത്തി അന്വേഷിച്ചു. തുടർന്ന് ലൈസൻസ് കണ്ടാണ് മരിച്ചത് തന്റെ ഭർത്താവണെന്ന്തിരിച്ചറിഞ്ഞത്.
രണ്ടു ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്ന നാഗന്പടം റെയിൽവേ മേൽപാലത്തിന്റെ ഈ ഭാഗം അപകട സാധ്യത ഏറെയുള്ളതാണ്. നിരവധി ചെറുതും വലുതുമായ വാഹനങ്ങൾ കൂട്ടത്തോടെയാണ് മേൽപാലത്തിന്റെ ഭാഗത്തേക്ക് കയറിയിറങ്ങുന്നത്. ഇത് ഇരുചക്രവാഹനങ്ങൾക്ക് കൂടുതൽ അപകടഭീഷണിയാണ്. രണ്ടു മാസം മുന്പ് മേൽപാലത്തിൽ ബൈക്ക് യാത്രികൻ ബസിനടിയിൽപ്പെട്ടും മരണമടഞ്ഞിരുന്നു.
കുരുക്കിൽപ്പെടാതെ ഡിവൈഡറിന്റെ വശങ്ങളിലൂടെ ചേർന്ന് പോവുന്പോഴായിരുന്നു അപകടം സംഭവിച്ചത്. പെയിന്റിംഗ് ജോലിക്കാരനായ ജോബി പെയിന്റിംഗ് പാത്രങ്ങൾ ഉൾപ്പടെയായിട്ടാണ് പോയിരുന്നത്. ടിപ്പറുകൾക്ക് ഇടയിൽപ്പെട്ടുള്ള മരണസംഖ്യ ജില്ലയിൽ വർധിക്കുകയാണെങ്കിലും കാര്യമായി നിയന്ത്രണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
വലിയ ചക്രങ്ങൾ പിന്നിലുള്ള ടിപ്പറിന്റെ അടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞാണ് മരണപ്പെടുന്നത്. പിൻചക്രങ്ങൾ അടുത്തടുത്തായതിനാൽ ശരീരം പുറത്തേയ്ക്ക് വലിച്ചെടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ കുടുങ്ങിപ്പോന്നതാണ് മരണത്തിന് കാരണമാവുന്നത്. മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി കഴുകി വൃത്തിയാക്കി.
യാദൃച്ഛികമായി എത്തി, കാര്യം തിരക്കിയപ്പോൾ സ്വന്തം ഭർത്താവ്
കോട്ടയം: വടശേരി ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരിയായിരുന്ന ജോബിയുടെ ഭാര്യ സീന യാദൃച്ഛികമായിട്ടാണ് സംഭവ സ്ഥലത്തെത്തിയത്. പോലീസ് ഉദ്യോഗസ്ഥർ വഴിയിൽ കൂടിനിൽക്കുന്നത് കണ്ട് സീന പരിചയമുള്ള എസ്ഐ അരുണ്കുമാറിന്റെ അടുത്തെത്തി വിവരങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് ഭർത്താവിന്റെ സ്കൂട്ടർ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടത് ഈ സ്കൂട്ടറാണോ എന്ന് ചോദിച്ചപ്പോൾ അതേ എന്ന മറുപടി കേട്ട് സീന തളർന്നുപോയി.