കോട്ടയം: നഗരസഭയുടെ പല പദ്ധതികളും പരാജയപ്പെടുന്നത് അറ്റകുറ്റപ്പണികളുടെ അപര്യാപ്തതയാണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് നാഗന്പടം ബസ് സ്റ്റാൻഡിലെ ഇൻസിനറേറ്റർ. നാഗന്പടം ബസ് സ്റ്റാൻഡിൽ ഇപ്പോൾ ചപ്പുചവർ കത്തിക്കുന്നത് പ്രവർത്തനം നിലച്ച ഇൻസിനറേറ്ററിനു ചുവട്ടിൽ. 2015ൽ സ്ഥാപിച്ച ഇൻസിനറേറ്റർ ഈസ്റ്റ് റോട്ടറി ക്ലബ് ആണ് സ്പോണ്സർ ചെയ്തത്. അറ്റകുറ്റപ്പണികൾ നിലച്ചതോടെയാണ് ഇത് പ്രവർത്തന രഹിതമായത്. പിന്നീട് ചപ്പുചവർ കത്തിക്കുന്നത് ഇൻസിനറേറ്ററിനു ചുവട്ടിലായി.
ഇൻസിനറേറ്ററിന്റെ പുകക്കുഴൽ തുരുന്പു പിടിച്ചു ദ്രവിച്ച് താഴെ വീണു കിടപ്പുണ്ട്. വെറും മൂന്നു വർഷത്തിനിടെ നാമ മാത്ര ദിവസങ്ങളിലാണ് ഇൻസിനറേറ്റർ പ്രവർത്തിച്ചതെന്ന് നാഗന്പടം നിവാസികൾ പറയുന്നു. ഇൻസിനറേറ്ററിനു സമീപം ഭക്ഷണ മാലിന്യം സംസ്കരിക്കുന്നതിന് സ്ഥാപിച്ച എയ്റോബിക് കന്പോസ്റ്റിംഗ് യൂണിറ്റ് ഇപ്പോൾ നോക്കുകുത്തിയായി മാറി.
കടകളിലെ ഭക്ഷണ മാലിന്യം ശേഖരിച്ച് ഇവിടെ സംസ്കരിച്ച് വളമാക്കുകയായിരുന്നു ലക്ഷ്യം. ഇതും അധികം നാൾ പ്രവർത്തിച്ചില്ല. കെട്ടിടത്തിന്റെ തറ എലികുത്തി നശിപ്പിച്ചു. ഭക്ഷണ മാലിന്യമായതിനാൽ എലി കയറാതെ സൂക്ഷിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ഇതോടെ എലികളുടെ ആക്രമണത്തിൽ തറ പൂർണമായി തകർന്നു. ഇവിടെയും കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തിയില്ല. ഇപ്പോഴിതാ വീണ്ടും ഭക്ഷണ മാലിന്യം സംസ്കരിക്കുന്ന പുതിയ പദ്ധതി നാഗന്പടം ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു.
ബസ് സ്റ്റാൻഡിൽ ഇപ്പോൾ ബസ് ഇറങ്ങിപ്പോകുന്ന ഭാഗത്താണ് എയ്റോബിക് കന്പോസ്റ്റിംഗ് യൂണിറ്റ് ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇവിടെയിപ്പോൾ കാര്യക്ഷമായ പ്രവർത്തനമാണ് നടക്കുന്നത്. കടകളിൽ നിന്ന് ശേഖരിക്കുന്ന ഭക്ഷണ മാലിന്യം ഇവിടെ സംസ്കരിക്കും. തടി ഉപയോഗിച്ച് പ്രത്യേകം തയറാക്കിയ ചതുരക്കൂട്ടിനുള്ളിൽ മാലിന്യം വിതറി അതിനു മുകളിൽ കരിയിലയും മരുന്നും തളിച്ച് മൂടി വയ്ക്കും.
90 ദിവസം കഴിയുന്പോൾ അത് വളമായി മാറുന്ന പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് എങ്കിലും അറ്റകുറ്റപ്പണി നടത്തി മുന്നോട്ടുകൊണ്ടുപോയാൽ നന്ന്. നഗരസഭ നടപ്പാക്കുന്ന നല്ല പദ്ധതികൾ പലതും അറ്റകുറ്റപ്പണികളുടെ അഭാവത്തിലാണ് കാലഹരണപ്പെടുന്നത്.
ഭരണ നേതൃത്വത്തിലേക്ക് പുതുതായി വരുന്നവർക്ക് പഴയ പദ്ധതി തുടരുന്നതിലും താൽപര്യം പുതിയ പദ്ധതി ആരംഭിക്കുന്നതിലാണ്. അതുകൊണ്ടാണ് പല പദ്ധതികളും നിന്നു പോകുന്നത്. നഗരസഭയുടെ പല കെട്ടിടങ്ങളും നശിക്കുന്നത് അറ്റകുറ്റപ്പണികളുടെ അഭാവമാണ്.