കോട്ടയം: ഇപ്പോ പൊട്ടും… ഇപ്പോ പൊട്ടും. പക്ഷേ പൊട്ടിയില്ല. നാഗന്പടത്തെ പഴയ മേൽപ്പാലം ഇംപ്ലോഷൻ രീതിയിൽ തകർക്കുന്നതു ട്രോളൻമാർ ശരിക്കും ആഘോഷിച്ചു. പാലം തകർക്കലുമായി ബന്ധപ്പെട്ട വിവിധ കാഴ്ചകളാണ് ചിരിയുടെ മാലപ്പടക്കങ്ങളായ ട്രോളുകളായി മാറിയത്. പാലം പൊട്ടിക്കൽ ചീറ്റിയതോടെ സമൂഹമാധ്യമങ്ങളിൽ നാഗന്പടം പാലം തകർക്കൽ ട്രോളുകൾ വൈറലായി. മോഹൻലാൽ ചിത്രമായ മിഥുനത്തിലെ കൂടോത്രരംഗമായിരുന്നു ട്രോളായത്.
പാലം തകർക്കാനെത്തിയ പടക്ക കന്പനിയെ സിനിമയിലെ കൂടോത്രം ചെയ്യാനെത്തുന്ന നെടുമുടി വേണുവിനോടും പാലം തകർക്കൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ സിനിമയിലെ ജഗതിയുടെ കഥാപാത്രത്തോടും ഉപമിക്കുന്പോൾ സിനിമയിൽ കൂടോത്രം ചെയ്യുന്പോൾ ഒരു കുലുക്കവുമില്ലാതെ നിൽക്കുന്ന ഇന്നസെന്റിനെയാണ് നാഗന്പടം പാലത്തോട് ഉപമിക്കുന്നത്. ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ ഈ ട്രോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ചിത്രത്തിലെ ഈ രംഗം ഉപയോഗിച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരുന്നത്.
ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതിനു മുന്പ് ബലക്ഷയമുണ്ടെന്നു പറഞ്ഞ നീലിമംഗലം പാലത്തിനോടു ചേർത്തും പാലം തകർക്കൽ റിപ്പോർട്ടിംഗിനായി എത്തിയ മാധ്യമപ്രവർത്തകരുടെ അവസ്ഥ വിവരിച്ചും പാലം തകർക്കുന്നതു കാണാനായി പകൽ മുഴുവൻ ടിവിയുടെ മുന്പിൽ ഇരിക്കുന്ന കാഴ്ചക്കാരന്റെ അവസ്ഥയും ട്രോളൻമാർ ശരിക്കും ട്രോളി ആസ്വദിച്ചു.
പാലം തകർക്കൽ തത്സമയം മാലോകരെ അറിയിക്കാൻ ചാനൽ പ്രവർത്തകരും കോട്ടയത്തിന്റെ മുഖമുദ്രയായിരുന്ന നാഗന്പടം പാലം ഓർമയാകുന്നതിന്റെ ക്ലിക്ക് എടുക്കാൻ ഫോട്ടോഗ്രാഫർമാരും കാലേക്കൂട്ടി സ്ഥലത്ത് എത്തിയിരുന്നു. മൊബൈൽ ഫോണിലെ കാമറ ഓണ് ചെയ്തു പാലം സൂം ചെയ്ത് നാട്ടുകാരും കാത്തുനിൽപ്പായി.
ആദ്യ വെടി പൊട്ടിയതോടെ പാലം ഇപ്പോ… പൊട്ടും എന്നു കരുതിയെങ്കിലും ഓലപ്പടക്കത്തിന്റെ ചെറിയ ശബ്ദവും കുറച്ചു പുകയും മാത്രമാണുണ്ടായത്. പണി പാളിയെന്നു മനസിലായതോടെ ഇംപ്ലോഷൻ കന്പനിക്കാർ വീണ്ടും പാലത്തിലെ തമിർ കുഴികളിൽ രാസവസ്തുക്കൾ നിറയ്ക്കുകയും മറ്റു ജോലികൾ നടത്തുകയും ചെയ്തു.
പാലത്തിനോടു ചേർന്ന് ഇംപ്ലോഷൻ കന്പനിക്കാർ കെട്ടിവച്ച ഫ്ളക്സ് ബോർഡിലെ ഫോണ് നന്പരിലേക്ക് നാട്ടുകാർ തുടരെ തുടരെ വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. പൊരിവെയിലിൽ പാലം തകർക്കൽ കാണാനെത്തിയ നാട്ടുകാർ സ്റ്റേഡിയത്തിനു പുറത്തുനിന്നും മരത്തിന്റെ ശിഖരങ്ങൾ തണൽ തരുന്ന ഇടങ്ങളിലേക്കു മാറി.
ഉടനെ പാലം പൊട്ടിക്കൽ നടക്കില്ലെന്ന് അറിഞ്ഞതോടെ വഴിതിരിച്ചുവിട്ട ഗതാഗതം പഴയരീതിയിലായി. ലൈവായി പാലവിസ്ഫോടനം വിവരിക്കാനായി ഒബി വാനുകളും ഡിഎസ്എൻജികളും റെഡിയാക്കിയ ചാനലുകാരും പെട്ടിമടക്കി. ഫോട്ടോഗ്രാഫർമാരും വൈഡ് ലെൻസ് ഉൗരിമാറ്റി തണൽപറ്റി.
പാലം തകർക്കൽ വൈകിയതോടെ കാണാനെത്തിയവർ പാറമടക്കാരെ വിളിക്കാമടോ… ഇട്ടിട്ടു പോടോ… എന്നുളള പരിഹാസ ചോദ്യങ്ങളും കൂവലും നടത്തുകയും ചെയ്തു. വൈകുന്നേരം അഞ്ചോടെ രണ്ടാമത്തെ ശ്രമത്തിനായി എല്ലാവരും വീണ്ടും ഒത്തുകൂടിയെങ്കിലും പുക മാത്രമാണുണ്ടായത്. നാഗന്പടം പാലം പൊളിയില്ലെന്ന സംസാരത്തോടെ എല്ലാവരും മടങ്ങിയെങ്കിലും രാത്രി മുഴുവൻ ട്രോളൻമാർ ട്രോളിക്കൊണ്ടേയിരുന്നു.