കോട്ടയം: നാഗന്പടം ഓവർബ്രിഡ്ജ് കോട്ടയത്തിന്റെ ഓർമയിൽ മാത്രം. 27ന് പാലം തകർക്കും. ഇംപ്ലോഷൻ എന്ന നിയന്ത്രിത സ്ഫോടനത്തിലൂടെയാണു പാലം നീക്കം ചെയ്യുക. പാലത്തിൽ ചെറിയ കുഴികൾ കുഴിച്ച് രാസവസ്തുക്കൾ നിറച്ചാണു നിയന്ത്രിത സ്ഫോടനം നടത്തുക. കണ്ട്രോൾ റൂമിൽനിന്ന് ബട്ടണ്‍ അമർത്തിയാൽ ചെറിയശബ്ദത്തോടെ പാലം താഴേക്ക് ഇടിഞ്ഞു വീഴും.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയ പാലം നിർമിച്ചതിനെത്തുടർന്നാണു പഴയ പാലം പൊളിക്കുന്നത്. 27നു ഒന്‍പതു മണിക്കൂർ ഗതാഗത നിയന്ത്രണം കോട്ടയം റൂട്ടിലുണ്ടാകും. ചില ട്രെയിനുകൾ പൂർണമായി റദ്ദാക്കുന്പോൾ ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. പാലത്തിന്റെ ഭാഗത്തെ വൈദ്യുതി ലൈൻ അഴിക്കുന്നതാണ് ആദ്യ ജോലി. ഒന്നര മണിക്കൂർ ഇതിനുവേണ്ടിവരും.
അഴിക്കുന്ന ലൈൻ പാളത്തിൽ തന്നെയിടും. തുടർന്നു പാളം മൂടിയശേഷമാകും പാലം തകർക്കുക. അപ്പോൾതന്നെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് വൈദ്യുതി ലൈൻ പുനസ്ഥാപിക്കും. സുരക്ഷാ വിഭാഗം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയശേഷമേ ഗതാഗതം പുനരാരംഭിക്കൂ.