കോട്ടയം: നിർമാണം പുരോഗമിക്കുന്ന നാഗന്പടത്തെ പുതിയ റെയിൽവേ മേൽപാലം ഡിസംബറിൽ തുറന്നുകൊടുക്കാനാവുമെന്ന് ജോസ് കെ. മാണി എംപി. റെയിൽവേ ട്രാക്കിന് മുകളിലുള്ള പാലത്തിന്റെ നിർമാണം ജൂലൈയിൽ പൂർത്തിയാക്കാനാവും.
ഡിസംബർ മാസത്തോടെ ഏറ്റുമാനൂർ ഭാഗത്തേക്കുള്ള രണ്ടാമത്തെ സ്ലാബിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്നലെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തിയ ജോസ് കെ.മാണി എംപി പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും എംപി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിലവിലെ മേൽപാലത്തിനു മതിയായ വീതിയില്ലാത്തത് നഗരത്തിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണമായിരുന്നു.
ഗതാഗതക്കുരുക്കൊഴിവാക്കാൻ വീതികൂടിയ പുതിയ പാലം നിർമിക്കണമെന്നാവശ്യപ്പെട്ടു ജോസ് കെ.മാണി എംപി റെയിൽവേ മന്ത്രാലയവുമായും, റെയിൽവേ ബോർഡ് ചെയർമാനുമായും, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മേൽപാലം നിർമാണത്തിന് അനുമതി ലഭിച്ചത്.
27.52 കോടി രൂപയാണ് നിർമാണ ചെലവു പ്രതീക്ഷിക്കുന്നത്. നിലവിൽ ആറു മീറ്റർ വീതി മാത്രമുണ്ടായിരുന്ന റെയിൽവേ മേൽപാലത്തിന് പകരം 13 മീറ്റർ വീതിയുള്ള പുതിയ മേൽപാലമാണ് നാഗന്പടത്ത് ഉയരുന്നത്. ഇതിൽ 1.50 മീറ്റർ വീതിയിൽ രണ്ട് വശങ്ങളിലും നടപ്പാതയും ഉണ്ടാകും.
ഒരേ സമയം രണ്ടു ഭാരവാഹനങ്ങൾക്കും രണ്ടു ചെറുവാഹനങ്ങൾക്കും കടന്നുപോകത്തക്ക രീതിയിലാണ് പുതിയ പാലം നിർമിക്കുന്നത്. നഗരസഭാ ചെയർപേഴ്സണ്‍ ഡോ.പി.ആർ. സോന, കോട്ടയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (നിർമാണം) ജോർജ് കുരുവിള, സീനിയർ സെക്ഷൻ എൻജിനിയർ അനിൽകുമാർ, മുനിസിപ്പൽ വൈസ്ചെയർപേഴ്സണ്‍ ജാൻസി ജേക്കബ്, കൗണ്‍സിലർമാരായ ടിനോ കെ.തോമസ്, ജോജി കുറുത്തിയാടൻ, അനുഷ കൃഷ്ണ തുടങ്ങിയവരും ജോസ് കെ. മാണിക്കൊപ്പമുണ്ടായിരുന്നു.