കോട്ടയം: ഒരിടത്തെ കുഴി മൂടിയപ്പോൾ മറുവശത്ത് വാരിക്കുഴി. എംസി റോഡിൽ നാഗന്പടം റെയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡിലാണ് വാഹനങ്ങൾക്ക് അപകടകെണിയൊരുക്കി കുഴി രൂപപ്പെട്ടിരിക്കുന്നത്.
രണ്ടു വശങ്ങളിലുമായി ചെറുതും വലുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിക്കുന്നത്. മഴ പെയ്തു വെള്ളം നിറഞ്ഞു മെറ്റൽ ഇളകിയും കുഴി ഓരോ ദിവസവും വലുതായി ഇപ്പോൾ വലിയ അപകടക്കുഴിയായിരിക്കുകയാണ്.
ബേക്കർ ജംഗ്ഷനിൽനിന്നും റെയിൽവേ സ്റ്റേഷൻ റോഡിൽനിന്നും വേഗത്തിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നത് പതിവാണ്.
രാത്രികാലത്തും അപകടം നിത്യസംഭവമാണ്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും.
മീനച്ചിലാറിനു കുറുകെയുള്ള നാഗന്പടം പാലത്തിനു സമീപമുള്ള കുഴികൾ ഒരു മാസം മുന്പാണ് ടാറിംഗ് നടത്തി അടച്ചത്.
അന്ന് മേൽപാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ ഭാഗത്തും ചെറിയ രീതിയിൽ ടാറിംഗ് നടത്തിയെങ്കിലും കുഴികൾ മൂടിയിരുന്നില്ല.
ഇപ്പോൾ ഇവിടെ വലിയ കുഴികളാണുള്ളത്. കുഴി കാരണം ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്.
ഒന്നരയാഴ്ച മുന്പ് നീലിമംഗലം പാലത്തിലെ കുഴിയിൽച്ചാടിയുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചതോടെയാണു പാലത്തിലെ കുഴിയടയ്ക്കാൻ അധികൃതർ തയാറായത്.
നാഗന്പടത്തും ആരുടെയെങ്കിലും ജീവൻ പൊലിയണോ അധികൃതർക്ക് കുഴിയടയ്ക്കാനെന്നാണ് നാട്ടുകാരുടെ ചോദ്യം.
നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് അടിച്ചിറ വളവിലേയും നാഗന്പടം പാലത്തിലെയും കുഴികൾ അടയ്ക്കാൻ അധികൃതർ തയാറായത്.