കോട്ടയം: നാഗന്പടം ജംഗ്ഷനിൽ അവസാനവട്ട ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറു മുതൽ രാത്രി ഒന്പതു വരെയാണു ഇതിലൂടെയുള്ള ഗതാഗതം ഒറ്റവരിയായി നിയന്ത്രിക്കുന്നത്.
ഏറ്റുമാനൂരിൽനിന്നു കോട്ടയത്തേക്കു വരുന്ന വാഹനങ്ങൾ നാഗന്പടം പാലം, റെയിൽവേ മേൽപ്പാലംവഴി നാഗന്പടം സ്റ്റേഡിയം ജംഗ്ഷനിലെത്തി തിരിഞ്ഞു റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കും ശാസ്ത്രി റോഡിലേക്കും പോകണം. 15 മണിക്കൂർ ഗതാഗതം ഒറ്റവരിയാക്കുന്നതോടെ അവസാനവട്ട ടാറിംഗ് ജോലികൾ പൂർത്തിയാക്കാമെന്നാണു കെഎസ്ടിപി അധികൃതർ പറയുന്നത്.
കോട്ടയത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ബേക്കർ ജംഗ്ഷനിൽനിന്നു കുമരകം റോഡിലെത്തി ചുങ്കം, മെഡിക്കൽ കോളജ് വഴി ഗാന്ധിനഗറിലെത്തി പോകണം. കുമരകം ഭാഗത്തുനിന്നും നാഗന്പടം ബസ് സ്റ്റാൻഡിലേക്കുള്ള ബസുകൾ ബേക്കർ ജംക്ഷൻ, ശാസ്ത്രി റോഡ് വഴി നാഗന്പടത്തേക്കു പോകണം. ബസ് സ്റ്റാൻഡിൽനിന്നു കുമരകത്തേക്കു പോകേണ്ട ബസുകൾ ശാസ്ത്രി റോഡിൽ പ്രവേശിച്ച് ബേക്കർ ജംഗ്ഷനിലെത്തി പോകണം.
നാഗന്പടം ജംഗ്ഷനിൽ ഇനി അവസാനവട്ട ടാറിംഗ് ജോലികളും പൊളിച്ചുമാറ്റിയ റൗണ്ടാന പുനർനിർമിക്കുന്ന ജോലികളും മാത്രമാണുള്ളത്. റൗണ്ടാന നിർമിക്കുന്നതിനായി ടാറിംഗ് പൂർത്തിയാക്കിയ ഭാഗത്ത് അടയാളപ്പെടുത്തിയശേഷം വീപ്പകൾ സ്ഥാപിച്ചിരിക്കുകയാണ്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഗതാഗത നിയന്ത്രണത്തിനായി നാളെ രാവിലെ മുതൽ കൂടുതൽ പോലീസിനെ നഗരത്തിൽ വിന്യസിക്കും.