കോട്ടയം: നാഗന്പടത്തെ പുതിയ റെയിൽവേ മേൽപാലം ഒറ്റവരിയിൽ അടുത്തയാഴ്ച ഗതാഗതത്തിനായി തുറന്നു കൊടുക്കും. പഴയ പാലം ഉടനെ പൊളിക്കില്ല. പുതിയ പാലത്തിൽ രണ്ടുവരിയിലും ഗതാഗതം പൂർണ തോതിൽ ആരംഭിച്ചു കഴിഞ്ഞാലേ പഴയ പാലം അടയ്ക്കൂ.
പുതിയ പാലം തുറക്കുന്നതോടെ നാഗന്പടത്ത് ഇന്നനുഭവിക്കുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമുണ്ടാകും. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ ടാറിംഗിനായി മെറ്റൽ വിരിക്കുന്ന ജോലികൾ പൂർത്തിയായി വരുന്നു. മെയിൻ റോഡുമായി ചേരുന്ന ഭാഗത്തു റോഡ് ലെവലാക്കി മെറ്റൽ വിരിക്കുന്ന ജോലികളാണ് ഇനി അവശേഷിക്കുന്നത്. മെറ്റൽ ഉറപ്പിച്ചതിനുശേഷം വാഹനങ്ങൾ കടത്തിവിടാനാണ് തീരുമാനം.
വണ്വേയായിട്ട് കോട്ടയത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് മേൽപാലത്തിലൂടെ ആദ്യം കടത്തിവിടുക. കോട്ടയത്തേക്ക് വരുന്ന വാഹനങ്ങൾ പഴയ പാലത്തിലൂടെയും യാത്ര തുടരും. രണ്ടാഴ്ച ഇങ്ങനെ ഗതാഗതം അനുവദിച്ചതിനു ശേഷമായിരിക്കും ടാറിംഗ് ജോലികൾ ആരംഭിക്കുക. രണ്ടു ദിവസം കൊണ്ട് ടാറിംഗ് പൂർത്തിയാകും.
ടാറിംഗ് പൂർത്തിയായി കഴിഞ്ഞാൽ വണ്‍വേ സന്പ്രദായം മാറ്റി ഗതാഗതം പൂർണമായും പുതിയ പാലത്തിലൂടെയാക്കും. ഇതിനു ശേഷമായിരിക്കും പഴയ പാലം പൊളിച്ചു നീക്കുന്ന നടപടികൾ ആരംഭിക്കുന്നത്.മഴ മൂലം ജോലികൾ തടസപ്പെട്ടതാണ് പാലം തുറക്കൽ വൈകിപ്പിച്ചത്.
കേബിൾ മാറ്റിയിടുന്ന ജോലികൾ പൂർത്തികരിച്ചുവരികയാണ്. പാലത്തിലും അപ്രോച്ച് റോഡിലും രണ്ടു വശങ്ങളിലും നിർമിക്കുന്ന നടപ്പാലത്തിന്റെ അവസാനവട്ട ജോലികളും മഴ മൂലം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഇതും യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ കോട്ടയത്തിന്റെ പ്രവേശന കവാടമായ നാഗന്പടത്ത് വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാകും.