കോട്ടയം: നാഗന്പടത്തെ പുതിയ റെയിൽവേ മേൽപാലം ജൂലൈ പകുതിയോടെ ഗതാഗതത്തിനായി തുറന്നുകൊടുത്തേക്കും. പാലത്തിന്റെ സ്ലാബ് ഉറപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഒരു മീറ്റർ കനമുള്ള തടിക്കട്ടകളിലും ഇരുന്പ് ഗർഡറുകളിലും ജാക്കികളിലും ഉറപ്പിച്ചിരുന്ന സ്ലാബ് താഴ്ത്തിക്കൊണ്ടിരിക്കുകയാണ്.
ഇലാസ്ട്രോമെറിക് ബെയറിംഗുകളിലാണു പാലത്തിന്റെ ബീമുംസ്ലാബും ഉറപ്പിച്ചു നിർത്തുന്നത്. സ്ലാബും അപ്രോച്ച് റോഡും ചേരുന്ന ഭാഗത്ത് ഇനി കോണ്ക്രീറ്റ് ചെയ്യാനുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി മഴ പെയ്യുന്നതിനാൽ മണ്ണടിക്കാൻ സാധിച്ചിരുന്നില്ല. ഇന്നലെ മഴ മാറിയതിനാൽ മണ്ണടിക്കൽ ജോലി ആരംഭിച്ചിരുന്നു.
രണ്ടു മൂന്നു ദിവസം തെളിവ് ലഭിച്ചാൽ മാത്രമേ മണ്ണടിക്കൽ ജോലി പൂർത്തിയാകുകയുള്ളു. തുടർന്ന് മെറ്റൽ നിരത്തൽ ആരംഭിക്കും. മെറ്റൽ നിരത്തി റോഡ് നിർമിച്ചു കഴിഞ്ഞാൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്യും. മീനച്ചിലാറിന്റെ ഭാഗത്തുനിന്നും വീതിയിൽ വളച്ചാണു പാലത്തിലേക്ക് അപ്രോച്ച് റോഡ് നിർമിച്ചിരിക്കുന്നത്.
കുത്തനെയുള്ള കയറ്റം ഒഴിവാക്കാനായിട്ടാണു വളച്ച് വീതിയിൽ റോഡ് നിർമിച്ചിരിക്കുന്നത്. കുത്തനെ കയറ്റം ഉണ്ടായാൽ ഭാരവാഹനങ്ങൾ പാലത്തിലേക്ക് കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. നാഗന്പടം ട്രാഫിക് റൗണ്ടാനയുടെ ഭാഗത്ത് കയറ്റം കുറച്ചിട്ടില്ല. ഇവിടെ വാഹനങ്ങൾക്ക് പാലത്തിലേക്ക് കയറുവാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് അധികൃതർ പറയുന്നത്.
പാലം പണി ഇഴയുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കരാറുകാർക്ക് നോട്ടീസ് നൽകാനുള്ള തയാറെടുപ്പിലാണ് റെയിൽവേ അധികൃതർ. 2015 മേയ് 10ന് നിർമാണം ആരംഭിച്ച പാലം മൂന്നു വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തതിലാണു പ്രതിഷേധം ശക്തമായിരിക്കുന്നത്. പാലം പണി ആരംഭിച്ചതോടെ പകലും രാത്രിയിലും നാഗന്പടത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ നിരവധി അപകടങ്ങളും ഉണ്ടായിരുന്നു.