കോട്ടയം: നിർമാണം പൂർത്തിയായി വരുന്ന നാഗന്പടം റെയിൽവേ മേൽപ്പാലം 20ന് ഭാഗികമായി തുറന്നേക്കും. ആദ്യഘട്ടത്തിൽ പാലത്തിലുടെ ഒരു ഭാഗത്തേക്കു മാത്രം ഗതാഗതം കടത്തിവിടാനാണു തീരുമാനിച്ചിരിക്കുന്നത്. ഓണത്തിരക്ക് മുന്നിൽകണ്ടാണു പാലം ഉടനടി തുറക്കാൻ തീരുമാനിച്ചത്. നിലവിൽ നാഗന്പടത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഓണക്കാലമാകുന്നതോടെ തിരക്ക് വർധിക്കുന്നതിനാലാണ് പാലം തുറന്നു കൊടുക്കുന്നത്. ഏറ്റുമാനൂർ ഭാഗത്തേക്കുള്ള വാഹനങ്ങളാണ് തുടക്കത്തിൽ പാലത്തിലൂടെ കടത്തിവിടുക. കോട്ടയത്തേക്കുള്ള വാഹനങ്ങൾ നിലവിലെ റോഡിലൂടെ തന്നെ കടന്നുപോകണം.
പാലത്തിനു സമീപമുള്ള ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡിലൂടെയാണ് കോട്ടയത്തേക്കുള്ള വാഹനങ്ങളും ഏറ്റുമാനൂർ വാഹനത്തേക്കുള്ള വാഹനങ്ങളും നിലവിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും ട്രാഫിക് പോലീസ് വളരെ പണിപ്പെട്ടാണു കടത്തിവിടുന്നത്. പാലത്തിന്റെ ഒരുവശം തുറന്നുകൊടുത്ത ശേഷം മറുവശത്തെ ജോലികൾ പൂർത്തിയാക്കും.
ഒരുമാസം കൊണ്ട് ഇതും പൂർത്തീകരിച്ച് പാലം പൂർണമായി തുറന്നുകൊടുക്കനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. നാഗന്പടം പാലം തുറക്കുന്നതോടെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ മണ്ണിട്ടുയർത്തലും ടാറിംഗും പൂർത്തിയാകാനുണ്ട്.