കോട്ടയം: പാളിയത് പാലം പൊളിക്കുവാൻ കരാർ ഏറ്റെടുത്ത കന്പനിക്കോ അതോ റെയിൽവേയ്ക്കോ. കഴിഞ്ഞ ഏതാനും മാസങ്ങളായി നാഗന്പടത്തെ പാലം പൊളിച്ചു നീക്കുവാൻ ശ്രമം തുടങ്ങിയിട്ട്. കാലപ്പഴക്കമോ ബലമോ പരിഗണിക്കാതെയാണോ നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം പൊളിച്ചു നീക്കുവാൻ ശ്രമം നടത്തിയതെന്ന ആരോപണമാണു ഉയർന്നിരിക്കുന്നത്.
പാലം തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടതു സംബന്ധിച്ച വിശദീകരണം നൽകുവാൻ കരാർ കന്പനിക്കും റെയിൽവേക്കും ഇതുവരെ വ്യക്തമായ നടപടിയില്ല. കോട്ടയം നഗരത്തെ ഒരുദിവസം നിശ്ചലമാക്കി റെയിൽവേ നടത്തിയ നടപടിയ്ക്കെതിരെ ജനരോക്ഷം ശക്തമാണ്. ഇന്നലെ ഉച്ചയോടെ പൊട്ടാതെ വന്ന ഡിറ്റനേറ്ററുകൾ നീക്കം ചെയ്തു.
ഇതരസംസ്ഥാനങ്ങളിൽ പല കെട്ടിടങ്ങളും കരാർ കന്പനിയായ തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇൻഫ്രാ പ്രോജക്ട് സ്ഫോടനം നടത്തി പൊളിച്ചിട്ടുണ്ടെന്നു അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത് റെയിൽവേ പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. റെയിൽവേ ആദ്യമായാണു ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ അവലംബിക്കുന്നത്.
തൊട്ടടുത്ത് പുതിയ പാലവും കെട്ടിടങ്ങളുമുള്ളതിനാൽ കൂടുതൽ സ്ഫോടക വസ്തു ഉപയോഗിക്കുവാൻ സാധിക്കില്ലെന്നു പറയുന്നു. നാഗ്പൂരിലെ ഒരു സ്വകാര്യ കന്പനിയാണ് സ്ഫോടനം നടത്തിയ മാഗ് ലിങ്ക് ഇൻഫ്രാ പ്രോജക്ടിനു സാങ്കേതിക വിദ്യ കൈമാറിയത്. സാങ്കേതിക വിദ്യയിൽ പിഴവ് വന്നിട്ടുണ്ടോയെന്നു നാഗ്പൂരിലെ കന്പനിയാണു പരിശോധിക്കേണ്ടത്. കരാർ തുകയായ 35 ലക്ഷം രൂപ കന്പനിക്കു നൽകേണ്ടതില്ലെന്നും നിയമനടപടികളെപ്പറ്റി തുടർ ചർച്ചകൾക്കുശേഷമാകും തീരുമാനമെടുക്കുക.
കോട്ടയം നാഗന്പടത്തെ റെയിൽവേ മേൽപ്പാലം;പൊളിക്കാൻ ഇനിയും കാത്തിരിക്കണം
കോട്ടയം: ഇംപ്ലോഷൻ രീതിയിൽ തകർക്കാൻ കഴിയാത്ത നാഗന്പടത്തെ പഴയ റെയിൽവേ മേൽപ്പാലം തൽസ്ഥാനത്തുനിന്നും എടുത്തു മാറ്റി പൊട്ടിച്ചു നീക്കും. പാലം തകർക്കാൻ കഴിയാതിരുന്നതു സംബന്ധിച്ച് റെയിൽവേ ജനറൽ മാനേജർക്ക് റിപ്പോർട്ട് കൈമാറിയാലുടാൻ പുതിയ രീതിയിൽ പാലം തകർക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കും. പാലം നീക്കുന്ന ദിവസങ്ങളിലും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.
പാലം നിലവിലെ അവസ്ഥയിൽനിന്ന് ഏതാനും മീറ്ററുകൾ ഉയർത്തിയശേഷം, ക്രെയിനും സ്റ്റീൽ ഗർഡറുകളും ഉപയോഗിച്ചു സ്റ്റേഡിയം ഭാഗത്തേക്കു തള്ളി നീക്കും. സ്റ്റേഡിയത്തിനും റെയിൽവേ ട്രാക്കിനും ഇടയിലുള്ള ഭാഗത്ത് ജാക്കി ഉപയോഗിച്ച് ഇറക്കിവച്ചശേഷം വിവിധ ഘട്ടങ്ങളായി പൊട്ടിച്ചു നീക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള മെഷീൻ ചെന്നൈയിൽനിന്നും എത്തിച്ചു നിശ്ചിത ദിവസങ്ങൾക്കുള്ളിൽ പാലം പൊട്ടിച്ചു നീക്കാനാണു അധികൃതർ ഉദേശിക്കുന്നത്.
പാലം നീക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകാൻ റെയിൽവേ ഉന്നത നേതൃത്വം അനുമതി നൽകി. ക്രമീകരണങ്ങൾ മുന്നേ പൂർത്തിയാക്കി നാലു മണിക്കൂർ ട്രാക്കിൽ ഗതാഗതം നിരോധിച്ച് പാലം നീക്കാനാണു റെയിൽവേയുടെ ആലോചന. ഗതാഗത നിയന്ത്രണം നീണ്ടുപോകാതെ തന്നെ പാലം നീക്കാനാണു റെയിൽവേ അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. രണ്ടു തവണയായി നടത്തിയ ഇംപ്ലോഷനിലും പാലം തകർക്കാൻ കഴിയാതെ വന്നതോടെയാണു പാലം തകർക്കാൻ പുതിയ രീതി അവലംബിക്കുന്നത്.
വീണ്ടും സ്ഫോടനം നടത്തിയാൽ പുതിയ പാലത്തിനു ബലക്ഷയമുണ്ടാക്കുമോയെന്ന ആശങ്കയിലാണു പാലം തകർക്കാൻ പുതിയ രീതി അവലംബിക്കുന്നത്. കഴിഞ്ഞ ദിവസം 18 കുഴികളിൽ നിറച്ചിരുന്ന വെടിമരുന്നാണു പൊട്ടിയത്. 1200ലേറെ കുഴികളിൽ മരുന്നു നിറച്ചിരുന്നു. സ്ഫോടനം വഴിയായി പാലത്തിന്റെ ഒരു ഭാഗത്തെ ബീമിന്റെ പുറംചട്ടയ്ക്കു മാത്രമാണു കോട്ടം സംഭവിച്ചതെന്നും പാലത്തിനടിയിലൂടെ ട്രെയിൻ കടന്നുപോകുന്നതിനു പ്രശ്നങ്ങളൊന്നുമില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ഈ ഭാഗം ബലപ്പെടുത്തി ശേഷമാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. പാലത്തിൽ സ്ഥാപിച്ചിരുന്ന മുഴുവൻ വെടിമരുന്നും പൂർണമായി നീക്കം ചെയ്തു. കരാറിൽ വ്യവസ്ഥയില്ലാത്തതിനാൽ റെയിവേയ്ക്കുണ്ടായ നഷ്ടപരിഹാരം തിരുപ്പൂർ ആസ്ഥാനമായ മഗ് ലിങ്ക് കന്പനിയിൽ നിന്നും ഈടാക്കാൻ കഴിയില്ലെന്നാണു സൂചന. ഇതുസംബന്ധിച്ച് തുടർ നടപടികൾ ദക്ഷിണ റെയിവേ ആസ്ഥാനത്തു നിന്നുണ്ടാകും.
പുതിയ പാലം നിർമിക്കാൻ കരാറെടുത്തയാൾ മുഖേനയാണ് ഈ കന്പനിയ്ക്കു കരാർ നൽകിയിരുന്നത്. മാർച്ച് 31നു മുന്പ് പഴയപാലം പൊളിച്ചു നീക്കണമെന്നായിരുന്നു കോടതി വിധി. ഇതേത്തുടർന്നാണു വേഗം പൊട്ടിച്ചു നീക്കാൻ കഴിയുന്ന രീതി അവലംബിച്ചത്. ഇതു പരാജയപ്പെട്ടതു സംബന്ധിച്ചു റെയിൽവേ കോടതിയിൽ വിശദീകരണം നല്കും.