കോട്ടയം: താമസിയാതെ നാഗന്പടത്തെ ഇരുട്ടകലും. റെയിൽവേ മേൽപാലം പ്രകാശപൂരിതമാകും. ഇതോടെ യാത്രക്കാർക്ക് പേടിക്കാതെ നടക്കാം. പാലത്തിന്റെ ഇരു വശങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. നഗരസഭയുമായുള്ള കരാർ പ്രകാരം സ്വകാര്യ ഏജൻസിയാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
മീനച്ചിലാറിനു കുറുകെയുള്ള നാഗന്പടം പാലത്തിന്റെ ഇരുവശങ്ങളിലും ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നതും ഇതേ ഏജൻസിയാണ്. നാഗന്പടം പാലം ഗതാഗതത്തിനു തുറുന്നു കൊടുത്തപ്പോൾ മുതലുള്ള ആവശ്യമാണ് ഇവിടെ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നുള്ളത്. ഇപ്പോൾ പാലത്തിനും സമീപത്തും കൂരിരുട്ടാണ്.
പാലത്തിനു സമീപമാണ് എംസി റോഡിൽ വടക്കു ഭാഗത്തേക്കും പാലാ ഭാഗത്തേക്കും പേകുന്ന യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. പാലത്തിന്റെ രണ്ടു വശങ്ങളിലുമായി 70 എൽഇഡി ബൾബുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കണക്ഷൻ ലഭിക്കുന്നതിന് പെരുമാറ്റ ചട്ടം തടസമായതിനാൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ വൈകും.
ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന തൂണുകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ ഉണ്ടായിരിക്കും.
ലൈറ്റുകൾ പ്രകാശിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് നഗരസഭ അധികൃതർ.