കോട്ടയം: പുകവലിക്കാരെ ഓടിച്ചിട്ടു പിടിക്കും. ശങ്കമൂത്ത് ബസ് നിർത്തിയാലുടൻ ഓടി വന്ന് ബസ് സ്റ്റാൻഡിനു സൈഡിലെങ്ങാനും നിന്ന് മൂത്രമൊഴിച്ചാൽ കുടുങ്ങും. പക്ഷേ കഞ്ചാവ് വിൽപനക്കാരനും പിടിച്ചുപറിക്കാരനും ഒരു പോലീസിനെയും പേടിക്കേണ്ട. അപകടമുണ്ടായാൽ പോലും തിരിഞ്ഞു നോക്കാത്ത പോലീസ് എല്ലാം കഴിയുന്പോൾ വന്ന് എന്തുണ്ടായി എന്നു ചോദിച്ചിട്ട് പോകും.
നാഗന്പടം ബസ് സ്റ്റാൻഡിലെ കാര്യമാണിത്. പുകവലിക്കാരെ കണ്ടാൽ പോലീസ് പുറകെ പാത്തുംപതുങ്ങിയും ചെല്ലും. പിടികൂടി പിഴയടപ്പിക്കും. കോടതിയിൽ പോയാൽ 500 രൂപയാകുമെന്നും ഇപ്പോൾ 200 തന്നാൽ മതിയെന്നും പറഞ്ഞ് വിരട്ടുന്പോൾ ഏതു പാവത്താനും കൈയിലുള്ള വണ്ടിക്കൂലി പോലും നല്കി തടിതപ്പും.
ഇടുക്കിയിൽ നിന്നും റാന്നിയിൽ നിന്നുമൊക്കെ വരുന്ന ബസുകളിൽ മണിക്കൂറുകളോളം ഇരുന്ന് വിഷമിച്ചു വരുന്നവർ ബസ് നിർത്തുന്പോഴേ ഓടി സ്റ്റാൻഡിന്റെ സൈഡിലെങ്ങാനും നിന്ന് മൂത്രമൊഴിച്ചാൽ അവിടെ പതുങ്ങി നിൽക്കുന്ന പോലീസ് പിടികൂടും. മൂത്രമൊഴിക്കുന്നവരെ പിടിക്കാൻ തന്നെ ഒരു വണ്ടി പോലീസ് അവിടെ കാത്തുകിടക്കുമെന്നാണ് പറയുന്നത്. കരഞ്ഞു കാലുപിടിച്ചാലും രക്ഷയില്ല. പിഴയടപ്പിക്കും.
മറ്റു ജില്ലകളിൽ നിന്ന് വരുന്നവർക്ക് അറിയില്ലല്ലോ ഇവിടെ മൂത്രമൊഴിച്ചാൽ പിടിക്കപ്പെടുമെന്ന്. മാത്രമല്ല കൃത്യം മൂത്രപ്പുരയുടെ മുന്നിലല്ലല്ലോ ബസ് നിർത്തുന്നത്. എന്നാൽ ബസ് സ്റ്റാൻഡിൽ ഒരപകടമോ അടിപിടിയോ മോഷണമോ ഉണ്ടായാൽ പോലീസിന്റെ പൊടിപോലും കാണാനുണ്ടാവില്ല. അഥവാ വന്നാലും സംഭവം കഴിഞ്ഞാകും.
കഴിഞ്ഞ ദിവസം യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങിയപ്പോൾ പോലീസ് എത്തിയത് പരിക്കേറ്റയാളെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞാണ്. തൊട്ടടുത്തുള്ള എയ്ഡ് പോസ്റ്റിലെ പോലീസ് പോലും വരാൻ വൈകി.
തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും പോക്കറ്റടിയുടെയും കേന്ദ്രമാണ് നാഗന്പടം ബസ് സറ്റാൻഡ്. മാല മോഷണം, നാടോടി സ്ത്രീകളുടെ പോക്കറ്റടി തുടങ്ങി ഒട്ടേറെ ക്രിമിനലുകൾ തന്പടിക്കുന്നത് ഇവിടെയാണ്. ഇവരെയൊന്നും ഒരുപോലീസും പിടിക്കുന്നില്ല. എന്നാൽ എല്ലാ പോലീസുകാരും ഇങ്ങനെയല്ല.
ഇവരിലും നല്ലവരുണ്ടു കേട്ടോ. നടക്കാൻ കഴിയാത്ത പ്രായമായവരെ റോഡ് കുറുകെ കടക്കാനും ബസിൽ കയറ്റാനുമൊക്കെ സഹായിക്കുന്ന മനുഷ്യ സ്നേഹികളായ പോലീസുകാരുടെ എണ്ണം കുറയാതിരിക്കട്ടെ.