കോട്ടയം: എംസി റോഡിൽ നവീകരണത്തിന്റെ ഭാഗമായി നാഗന്പടത്ത് മണ്ണിട്ടുയർത്തിയ സ്ഥലത്ത് ഇന്നലെ ആദ്യഘട്ട ടാറിംഗ് നടത്തി. റോഡ് നിർമാണം കെഎസ്ടിപി വേഗത്തിലാക്കിയെങ്കിലും റെയിൽവേയുടെ മേൽപ്പാലം നിർമിക്കാൻ സമയമെടുക്കുന്നത് യാത്രക്കാരെയും റോഡ് നിർമാണത്തിലേർപ്പെട്ടിരിക്കുന്നവരെയും ഒരുപോലെ വലയ്ക്കുകയാണ്. മേൽപ്പാലത്തിന്റെ നിർമാണം പൂർത്തികരിക്കാതെ റോഡ് നവീകരണം പൂർണമാവുകയില്ല.
നാഗന്പടം മേൽപ്പാലത്തിന്റെ സമീപന പാത തുടങ്ങുന്ന ഇവിടെ ഒരു മീറ്ററിലധികം ഉയരത്തിൽ മണ്ണിട്ടുയർത്തിയാണ് ടാറിംഗ്. നിലവിലുള്ള പാലത്തിൽനിന്നു മൂന്നു മീറ്റർ ഉയരത്തിലാണ് പുതിയ മേൽപ്പാലം നിർമിക്കുന്നത്. സമീപന പാതയും ഇതിന് ആനുപാതികമായി ഉയരും. ജംഗ്ഷൻ നവീകരണം നടത്തിയാലും മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാകാതെ യാത്രക്കാർക്ക് പ്രയോജനമുണ്ടാവുകയില്ല.
മാർച്ചിൽ മേൽപ്പാലം തുറന്നുകൊടുക്കുമെന്ന് റെയിൽവേയുടെ വാദവും നടക്കാൻ ഇടയില്ല. പ്രധാന പാലത്തോടു ചേർന്നുള്ള പാലത്തിൽ കോണ്ക്രീറ്റിംഗ്, അപ്രോച്ച് റോഡുകളുടെ നിർമാണം എന്നിവയെല്ലാം അവശേഷിക്കുകയാണ്. കഴിഞ്ഞ വർഷം പാലം തുറന്നുകൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മഴ, ജിഎസ്ടിയുടെ പേരിൽ കരാറുകാരുടെ പണിമുടക്ക് എന്നിവയാണ് നിർമാണം വൈകിയതിന് കാരണമായി റെയിൽവേ പറയുന്നത്.
സൂക്ഷിച്ചില്ലെങ്കിൽ അപകടം
സൂക്ഷിച്ചില്ലെങ്കിൽ നാഗന്പടത്ത് അപകടത്തിൽപ്പെടും. റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വഴിയാത്രക്കാർക്ക് പൊടിയും കുരുക്കുമാണ് സമ്മാനിക്കുന്നത്. അന്തരീക്ഷത്തിലൂടെ പൊടിപറക്കുന്നത് ഇരുചക്രവാഹന യാത്രികരെയും കാൽനടയാത്രക്കാരെയും വലയ്ക്കുകയാണ്. ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ നിരതെറ്റിച്ച് പോകുന്ന വാഹനങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങൾ മറ്റൊരു ഭാഗത്ത്. ടാറിംഗ് ജോലികൾക്കായി നാഗന്പടം സ്റ്റേഡിയത്തിനു സമീപത്തെയും ബേക്കർ ജംഗ്ഷനിലെയും ട്രാഫിക് ഐലൻഡുകൾ നീക്കിയതും ഗതാഗത നിയന്ത്രണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.