കോട്ടയം: നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ രണ്ടു തവണ ശ്രമം നടത്തി പരാജയപ്പെട്ട നാഗന്പടം റെയിൽവേ മേൽപ്പാലം 25നു പൊളിക്കും. ജൂണ് ആദ്യവാരം പൊളിയ്ക്കാനായിരുന്നു തീരുമാനമെങ്കിലും തിരക്കു പരിഗണിച്ച് 25ലേക്കു മാറ്റുകയായിരുന്നു. പാലം പൊളിക്കുന്നതിന്റെ ഭാഗമായി 25നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിക്കും. കൂടാതെ നാളെയും ഞായറാഴ്ചയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണവുമുണ്ടാകും. പാലം പൊളിയ്ക്കൽ നീണ്ടാൽ നിയന്ത്രണം നീളും.
പാലം മുറിച്ചു നീക്കാനാണ് റെയിൽവേ തീരുമാനം. പ്രാരംഭ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. സ്റ്റീൽ ബ്ലോക്ക് ഉപയോഗിച്ച് പാലത്തിനു താങ്ങു നൽകുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇന്ന് അർധരാത്രിയോടെ പാളത്തിലുടെ പോകുന്ന വൈദ്യുതി ലൈൻ അഴിച്ചു മാറ്റും. പിന്നാലെ പൊളിയ്ക്കൽ ജോലികൾക്കും തുടക്കമാകും. പാലത്തിന്റെ ബലം കേന്ദ്രീകരിച്ചിരിക്കുന്ന ആർച്ചുകൾ ആദ്യം മുറിച്ചുമാറ്റി പാലത്തിന്റെ ലോഡ് കുറയ്ക്കും.
രണ്ടു ക്രെയിനുകൾ ഉപയോഗിച്ചാകും ആർച്ച് മുറിച്ചു മാറ്റുക. ക്രെയിനിനു എന്തെങ്കിലും തകരാർ ഉണ്ടായാൽ പകരം ഉപയോഗിക്കാൻ മറ്റൊരു ക്രെയിൻ എപ്പോഴും സജ്ജമായിരിക്കും. ആർച്ച് പൊളിയ്ക്കുന്നതിനു പിന്നാലെ പാലം കഷണങ്ങളാക്കി മുറിക്കാനാണു തീരുമാനം.25നു പാസഞ്ചർ ട്രെയിനുകൾ പൂർണമായി റദ്ദാക്കിയിട്ടുണ്ട്.
എക്സ്പ്രസ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. അതേസമയം 24 മണിക്കൂർ സമയത്തിനുള്ളിൽ പാലം പൂർണമായി പൊളിച്ചു നീക്കുക പ്രയാസമാണെന്നാണു വിലയിരുത്തൽ. നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകർക്കാനുള്ള ശ്രമത്തിനിടെ പാലത്തിന്റെ ബലം വ്യക്മതമായതാണ്. ഈ സാഹചര്യത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം നീട്ടിയേക്കും. എംസി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും 25നും ഗതാഗതം തടസപ്പെടാനുള്ള സാധ്യതയുണ്ട്.