ശബരിമല: നാഗപ്പയ്ക്ക് രണ്ട് കാലുകള്‍ക്കും സ്വാധീനമില്ല. അരയ്ക്ക് കീഴ്പ്പോട്ട് ചലനശേഷി ഇല്ലെങ്കിലും നാഗപ്പ മലകയറിയത് പരമ്പരാഗത കാനനപാതയിലുടെ. അയ്യനെക്കണ്ട് വണങ്ങാനുള്ള അതിയായ ആഗ്രഹങ്ങളുമായി കല്ലും മുള്ളും കാലുക്ക് മെത്തയാക്കി സന്നിധാനത്തെത്തുന്നത് ഇത് തുടര്‍ച്ചയായി പന്ത്രണ്ടാമത്തെ വര്‍ഷം.
ഇരുകൈകളും കൊണ്ട് വശങ്ങളില് അമര്‍ത്തി ശരീരം ഉയര്‍ത്തി അല്‍പ്പാല്‍പ്പമായി നിരങ്ങി നീങ്ങിയാണ് നാഗപ്പ കഠിനമായ മലകയറ്റം പൂര്‍ത്തിയാക്കുന്നത്. എല്ലാത്തിനും സാക്ഷിയായി കലിയുഗവരദനായ അയ്യപ്പനുണ്ടെന്നും അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ് ഈ പോരായ്മകളെ അതിജീവിച്ച് തനിക്ക് മറ്റുള്ളവരെപ്പോലെ മലകയറാന്‍ കഴിയുന്നതെന്നും നഗപ്പ സാക്ഷ്യപ്പെടുത്തുന്നു.
അചഞ്ചലമായ അയ്യപ്പഭക്തിയാണ് തന്നെ ഇങ്ങോട്ട് ഓരോവര്‍ഷവും നയിക്കുന്നതെന്ന് നാഗപ്പ പറഞ്ഞു. ഉച്ചയ്ക്ക് 12 ഓടെയാണ് ജീപ്പില്‍ കര്‍ണാടക ബീജാപ്പൂര്‍ സ്വദേശി നാഗപ്പയും അയ്യപ്പന്മാരുടെ സംഘവും പമ്പയിലെത്തിയത്. ഉച്ചയ്ക്ക് 12.30 ന് മലകയറ്റം തുടങ്ങിയ നാഗപ്പ 6.30 ന് സന്നിധാനത്തെത്തി.
വൈകല്യങ്ങളെ അതിജീവിക്കാന്‍ കരുത്ത് നല്കിയ കലിയുഗവരദനെ കണ്ട് സായുജ്യമടഞ്ഞാണ് നാഗപ്പ മടങ്ങിയത്. ദേവസ്വം ബോര്‍ഡിന്റെ കരാര്‍ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും പമ്പ മുതല്‍ സന്നിധാനംവരെ നാഗപ്പയ്ക്ക് സഹായവുമായി ഒപ്പമുണ്ടായിരുന്നു.