കോട്ടയം: നഗരസഭാ അതിർത്തിയിലെ ദുരിതാശ്വാസ ക്യാന്പുകളിൽ ശുചീകരണ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് ചെയർപേഴ്സണ് ഡോ.പി.ആർ.സോന പറഞ്ഞു. കോട്ടയം നഗരസഭയുടെ കീഴിലുള്ള 40 ക്യാന്പുകൾ ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു.
ക്യാന്പുകളിൽ താമസിക്കുന്നവരെ നേരിൽകണ്ട് അവരുടെ ആവശ്യങ്ങളും പരാതികളും കേട്ടു. തുടർന്ന് ചെയർപേഴ്സന്റെ നിർദേശത്തെ തുടർന്ന് നഗരസഭ വക ശുചീകരണ വിഭാഗം ക്യാന്പുകളിൽ എത്തി. പായലും പൂപ്പലും പിടിച്ചുകിടക്കുന്ന സ്ഥലങ്ങളിൽ കുമ്മായപ്പൊടി വിതറി.
മാലിന്യം നീക്കം ചെയ്യാനും നടപടിയുണ്ടാവണമെന്ന് ക്യാന്പുകളിൽ താമസിക്കുന്നവർ ആവശ്യപ്പെട്ടു. നഗരസഭാ ചെയർപേഴ്സണ് ഡോ.പി.ആർ.സോനയോടൊപ്പം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.സി.റോയി, കെ.കെ.പ്രസാദ്, ലീലാമ്മ ജോസഫ് എന്നിവരുമുണ്ടായിരുന്നു.