കൊഴിഞ്ഞാന്പാറ: പൊങ്കലാഘോഷത്തിന് എത്തിയ അതിഥിക്ക് വെടിയേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിലായി. വണ്ണാമട നടരാജകൗണ്ടർ കോളനിയിലെ എം. നാഗരാജനാണ് (55) എയർഗണ്ണിൽനിന്ന് വെടിയേറ്റത്.
സുഹൃത്തായ വണ്ണാമട ആറാംമൈൽ എം. അരുണ്പ്രകാശിനെ (34) കൊഴിഞ്ഞാന്പാറ പോലീസ് അറസ്റ്റുചെയ്തു. ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് വരാത്തതിന്റെ വിദ്വേഷമാണ് വെടിയുതിർക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം. അരുണ്‍പ്രകാശ് തന്റെ വീട്ടിൽ നാഗരാജനെ പൊങ്കലിനു ക്ഷണിച്ചിരുന്നു. ഇരുവരും മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാൻ ക്ഷണിച്ചപ്പോൾ നാഗരാജ് പോകാൻ തയ്യാറായില്ല.
അതേത്തുടർന്ന് അരുണ്‍ പ്രകാശ് എയർഗണ്‍ സുഹൃത്തിന്റെ തലയ്ക്കുനേരെ പിടിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട തെന്നിമാറി കവിളിലാണ് കൊണ്ടത്. തുടർന്ന്, കോലുകുത്തിയതാണെന്നുപറഞ്ഞ് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നാഗരാജിന്റെ കവിളിൽ ആറ് തുന്നലുകളുണ്ട്.
ഡിവൈ.എസ്.പി.ക്കുകിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കവിളിലെ പരിക്ക് തോക്കിൽനിന്നാണെന്നു മനസിലായത്. പിന്നീട് കൊഴിഞ്ഞാന്പാറ പോലീസ് നടത്തിയ അന്വേഷണത്തിൽ അരുണ്‍പ്രകാശിന്റെ വീട്ടിൽനിന്ന് രണ്ട് എയർഗണ്ണുകളും അനുബന്ധസാമഗ്രികളും കണ്ടെടുത്തു.
പ്രതിയെ കൊഴിഞ്ഞാന്പാറ സി.ഐ. പി. അജിത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എസ്. അൻഷാദ്, ജൂനിയർ എസ്.ഐ. എ.എം. യാസിർ, എസ്.സി.പി.ഒ.മാരായ ആർ. വിനോദ്കുമാർ, എസ്. അനീഷ്, എസ്.സി.പി.ഒ. ഡ്രൈവർ സി. രതീഷ്, സി.പി.ഒ.മാരായ കെ. രാമസ്വാമി, എസ്. ഗിരീഷ്കുമാർ, സി.പി. അപരിഷ്, വി. വിനോദ്, ജനമൈത്രി ബീറ്റ് ഓഫീസർ എം. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.