കാട്ടാക്കട : നെയ്യാർ സിംഹസഫാരി പാർക്കിലെ നാഗരാജൻ ചത്തു. ഇനി പാർക്കിൽ ആകെയുള്ളത് ഒരു സിംഹം മാത്രം. ഗുജറാത്തിലെ ഗീർ വനത്തിൽ നിന്നും കൊണ്ടു വന്ന 12 വയസുള്ള നാഗരാജൻ എന്ന സിംഹമാണ് ഇന്നലെ ചത്തത്.
ഒരാഴ്ചയോളമായി കൂട്ടിൽ കയറാതെ നടന്നിരുന്ന സിംഹത്തെ അന്വേഷിക്കുന്നതിനിടെയാണ് പാർക്കിലെ ഒരറ്റത്തു ചത്ത നിലയിൽ കണ്ടെത്തിയത്.
സഫാരി പാർക്ക് നവീകരണത്തിന്റെ ഭാഗമായാണ് 2019 സെപ്റ്റംബറിൽ ഗുജറാത്തിൽ സുക്കർ ബാഗ് മൃഗശാലയിൽ നിന്നും ഇണകളായ നാഗരാജനെയും രാധ എന്ന പെൺസിംഹത്തെയും തലസ്ഥാനത്തു എത്തിച്ചത്.
യാത്രയിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം രാധ തിരുവനന്തപുരം മൃഗശാലയിൽ വച്ചു തന്നെ ചത്തു. പിന്നീട് സഫാരി പാർക്കിലേക്ക് നാഗരാജനെ എത്തിച്ചു.
ഇവിടെ കുറച്ചു ദിവസം നിരീക്ഷണത്തിനും പരിചാരകരുമായി ഇണങ്ങുന്നതിനും വേണ്ടി പ്രത്യേക കൂട്ടിൽ പാർപ്പിക്കുകയും ശേഷം സ്വതന്ത്ര ആവാസ വ്യവസ്ഥ എന്ന നിലക്ക് കൂടു തുറന്നു പാർക്കിനുള്ളിൽ വിടുകയും ചെയ്തിരുന്നു.
ഗുജറാത്തിൽ ചൂടുള്ള കലാവസ്ഥയാണ്. ഇവിടെ മറിച്ചും ഈ സാഹചര്യം കാരണം ഒരു ഡോക്ടറെയും ഫോറസ്റ്ററെയും നാഗരാജന്റെ പരിചരണത്തിനായി നിയോഗിച്ചിരുന്നു.
എന്നാൽ നാഗരാജന് വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ല എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതു നിലനിൽക്കെയാണ് ഇപ്പോൾ ഒന്നര വർഷത്തിനുള്ളിൽ സിംഹം ചത്തത്.
നെയ്യാർ ടൂറിസം വികസനത്തിന്റെ ഭാഗമായാണ് ഇവിടെ സിംഹങ്ങളെ സ്വതന്ത്ര ആവാസ വ്യവസ്ഥയിൽ പാർപ്പിക്കുന്നതിനായി 11 ഏക്കറിൽ സിംഹ സഫാരി പാർക്ക് ആശയം നടപ്പാക്കിയത്.
പതിനെട്ടു സിംഹങ്ങൾ ഉണ്ടായിരുന്ന ഇവിടെ വന്ധ്യംകരണം നടത്തിയതോടെ സിംഹങ്ങളുടെ എണ്ണം കുറഞ്ഞു.ഇപ്പോൾ നാഗരാജനും ചത്തതോടെ സഫാരി പാർക്കിൽ 20 വയസിനോട് അടുത്തു പ്രായമുള്ള ബിന്ദു എന്ന പെൺ സിംഹം മാത്രമാണുള്ളത്.
വയനാട്ടിൽ നിന്നും എത്തിച്ച വൈഗ എന്ന കടുവയും, ഒപ്പം നേരത്തെ ചികിത്സയിൽ ഉള്ള ഒരു കടുവയും അന്തേവാസികളായുണ്ട്. വൈഗ ഒരിക്കൽ കൂട്ടിൽ നിന്നും ചാടിപോയി പരിഭ്രാന്തി പരത്തിയിരുന്നു.
ഒടുവിൽ പണിപ്പെട്ടാണ് ഇതിനെ കൂട്ടിൽ അടച്ചത്.കൂട്ടിൽ അകപ്പെടുന്ന മൃഗങ്ങൾക്കായി ചികിത്സ കേന്ദ്രമൊരുക്കാനുള്ള നീക്കങ്ങളും ഇവിടെ നടന്നിരുന്നു.
ഇതോടെ നെയ്യാർ സഫാരി പാർക്ക് അടച്ചുപൂട്ടുമെന്ന നാട്ടുകാരുടെ ആശങ്ക വർധിക്കുകയാണ്. ചത്ത സിംഹത്തിന്റെ പോസ്റ്റമോർട്ടത്തിന് റിട്ട. ചീഫ് ഫോറസ്റ്റ് വെറ്ററിനി ഡോക്ടർ ഈശ്വർ, ഡോക്ടർമാരായ ഹരീഷ്, ഷിജു എന്നിവർ നേത്യത്വം നൽകി.വാർധ്യകസഹചമായ അസുഖം മൂലമാണ് ചത്തതെന്ന് വനം വകുപ്പ് അധിക്യതർ പറയുന്നു.
സിംഹങ്ങളുടെ ആയുർ ദൈർഘ്യം 20 വയസാണ്. ലാബ് റിപ്പോർട്ട് കിട്ടിയശേഷമേ കൂടുതൽ വിവരങ്ങൾ കിട്ടുകയുള്ളുവെന്നും അവർ പറയുന്നു. കോവിഡ് ടെസ്റ്റിനായി സാമ്പിൾ എടുത്തു. സഫാരി പാർക്കിൽ തന്നെ സിംഹത്തെ ദഹിപ്പിച്ചു.