കോട്ടയം: നഗരസഭയ്ക്ക് കിട്ടേണ്ട ഒരു കോടി രൂപയുടെ ഫണ്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഷ്ടപ്പെട്ട സംഭവത്തിൽ കോട്ടയം നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. അക്കൗണ്ട് സെക്ഷനിലെ ചീഫ് ക്കൗണ്ടന്റ് , സെക്ഷൻ ക്ലാർക്ക് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്.
ഒരൂ മാസം മുൻപ് നടന്ന കൗണ്‍സിൽ യോഗത്തിലാണ് ഫണ്ട് നഷ്ടപ്പെട്ട വിവരം പുറത്തു വന്നത്. യഥാ സമയം വിവരം ട്രഷറിയിൽ അറിയിച്ച് ഫണ്ട് ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയെന്നായിരുന്നു പരാതി. ഒട്ടേറെ വാദപ്രതിവാദങ്ങൾക്കു ശേഷം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്യുന്നതായി കൗണ്‍സിൽ യോഗത്തിൽ ചെയർപേഴ്സണ്‍ അറിയിച്ചിരുന്നു.
തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കി അവരുടെ മറുപടി ലഭിച്ച ശേഷം തൃപ്തികരമല്ല എന്നു കണ്ടതിനെ തുടർന്നാണ് ഇക്കഴിഞ്ഞ 20നാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ഇതോടൊപ്പം സംഭവത്തെക്കുറിച്ചുള്ള വകുപ്പുതല അന്വേഷണവും നടന്നു വരികയാണ്.