ഒറ്റപ്പാലം: നഗരസഭാ ഓഫീസിനുള്ളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടന്ന ബഹളത്തെ തുടർന്ന് കൗണ്‍സിൽ യോഗം അലങ്കോലമായി. മോഷ്ടാവിനെ പിടികൂടുന്നതിൽനിന്നും ഭരണപക്ഷം പിറകോട്ട് പോയെന്നും മോഷ്ടാവിനെ കണ്ടെത്തുന്നതിനു അറസ്റ്റു ചെയ്യുന്നതിനും നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം ഇതര കൗണ്‍സിലർമാർ ബഹളം വച്ചത്.
കൗണ്‍സിൽ യോഗം തുടങ്ങിയ മാത്രയിൽതന്നെ യുഡിഎഫ് അംഗം സത്യൻ പെരുന്പറ കോഡ് നഗരസഭയിൽ തുടർച്ചയായി നടന്നു വരുന്ന മോഷണവുമായി ബന്ധപ്പെട്ട് നടപടികൾ ഉണ്ടാകുന്നില്ലെന്നും ഇക്കാര്യം ഗൗരവമായി ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു. അജണ്ടകൾ പിന്നീട് ചർച്ചചെയ്താൽ മതിയെന്നായിരുന്നു പ്രതിപക്ഷത്തിന് ആവശ്യം. ഇതിന് ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി അനുമതി നല്കാതിരുന്നതോടു കൂടിയാണ് ബഹളം തുടങ്ങിയത്.
കേസന്വേഷണം നടന്നുവരികയാണെന്നും പോലീസ് യഥാർഥ പ്രതികളെ പിടികൂടട്ടെ എന്നുമായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. എന്നാൽ മോഷ്ടാക്കളെ സംരക്ഷിക്കുന്ന സമീപനമാണ് നഗരസഭ ഭരണപക്ഷം അനുവർത്തിക്കുന്നതെന്നും മോഷ്ടാവിനെ കുറിച്ച് തിരിച്ചറിഞ്ഞതുകൊണ്ട് അന്വേഷണം മരവിപ്പിക്കുകയാണ് ഭരണപക്ഷം എന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
അന്വേഷണം മരവിച്ച ഘട്ടത്തിൽ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലേക്ക് കൗണ്‍സിലർമാർ ഒറ്റക്കെട്ടായി മാർച്ച് നടത്തണമെന്നും പ്രതിപക്ഷ കൗണ്‍സിലർമാർ ആവശ്യപ്പെട്ടു. എന്നാൽ മാർച്ച് നടത്തണമെങ്കിൽ പ്രതിപക്ഷത്തിന് ആകാമെന്നും അതിനു ഭരണപക്ഷ കൗണ്‍സിലർമാരെ കിട്ടില്ലെന്നും ആയിരുന്നു മറുഭാഗത്തെ മറുപടി.
ഇതോടെ വാക്കുതർക്കവും ബഹളവും തുടങ്ങി. ഇതിനിടെ പ്രതിപക്ഷ കൗണ്‍സിലർമാർ നടുത്തളത്തിലേക്ക് ഇറങ്ങി ബഹളംകൂട്ടി. കൗണ്‍സിൽ നടപടികൾ തുടർന്നുകൊണ്ടു പോകാൻ കഴിയില്ലെന്ന ഘട്ടം വന്നതോടുകൂടി ചെയർമാൻ കൗണ്‍സിൽ യോഗം അവസാനിപ്പിച്ചതായി അറിയിച്ചു ഇറങ്ങിപ്പോയി. പ്രതിപക്ഷ കൗണ്‍സിലർമാർ മുദ്രാവാക്യം മുഴക്കി പ്രതിഷേധം രേഖപ്പെടുത്തി.