ചങ്ങനാശേരി: ചങ്ങനാശേരിയിൽ കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നത മുറുകുന്നു. കോണ്‍ഗ്രസ് അംഗമായ വൈസ് ചെയർപേഴ്സണ്‍ അംബിക വിജയൻ ധാരണപ്രകാരം രാജി വയ്ക്കണമെന്നും സീനിയർ അംഗമായ ഷൈനി ഷാജിക്ക് വൈസ് ചെയർപേഴ്സണ്‍ സ്ഥാനം നൽകണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ എട്ട് അംഗങ്ങൾ കെപിസിസി പ്രസിഡന്റിന് കത്തു നൽകി. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം അംഗീകരിച്ചെങ്കിൽ മാത്രം ചെയർമാൻ സ്ഥാനം രാജി വച്ചാൽ മതിയെന്ന് എട്ട് കോണ്‍ഗ്രസ് അംഗങ്ങൾ തന്നെ അറിയിച്ചിട്ടുണ്ടെന്ന് ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ പറഞ്ഞു. ചെയർമാന്റെ രാജി ഇതോടെ നീളാൻ സാധ്യതയേറി.
നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ ഇന്ന് രാജി വയ്ക്കുമെന്ന് രണ്ടാഴ്ച മുന്‍പ് ജോസ് കെ.മാണി കോട്ടയത്തു പ്രഖ്യാപിച്ചിരുന്നു. നിലവിൽ വൈസ് ചെയർപേഴ്സണായ അംബിക വിജയൻ ഈ ഭരണസമിതിയുടെ ആദ്യ രണ്ടര വർഷക്കാലം പൊതുമരാമത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. തുടർന്ന് വൈസ് ചെയർപേഴ്സണ്‍ സ്ഥാനം ലഭിച്ച ഇവർ ഒന്നരവർഷമായി തുടരുകയാണ്.
ഇവർക്കൊപ്പം സീനിയറായ ഷൈനി ഷാജിക്ക് ഒരു സ്ഥാനവും നൽകിയില്ലെന്നും ഈ വിഷയം ഉന്നയിച്ച് ഡിസിസി പ്രസിഡന്റിനു കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും കോണ്‍ഗ്രസ് അംഗങ്ങൾ കെപിസിസി പ്രസിഡന്റിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഡിസിസി പ്രസിഡന്റ് നീതിരഹിതമായ നിലപാടു സ്വീകരിക്കുന്നതിനാൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിൽ നിന്നും വിട്ടു നിൽക്കാൻ നിർബന്ധിതരാകുമെന്നും കോണ്‍ഗ്രസ് അംഗങ്ങൾ പരാതിയിൽ പറയുന്നു.
നഗരസഭയിൽ 11 കോണ്‍ഗ്രസ് അംഗങ്ങളാണുള്ളത്. ഇതിൽ വൈസ് ചെയർപേഴ്സണ്‍ അംബിക വിജയൻ, ഷംന സിയാദ്, അന്നമ്മ രാജു ചാക്കോ എന്നിവരൊഴികെ ഷൈനി ഷാജി, സജി തോമസ്, സിബി തോമസ്, സെബാസ്റ്റ്യൻ മണമേൽ, ആമിനാ ഹനീഫാ, മാർട്ടിൻ സ്കറിയ, ആതിരാ പ്രസാദ്, അനിലാ രാജേഷ്കുമാർ എന്നീ എട്ട് അംഗങ്ങൾ കെപിസിസി പ്രസിഡന്റിനു നൽകിയ പരാതിയിൽ ഒപ്പു വച്ചിട്ടുണ്ട്.
ഭിന്നതയും പരാതിയുമായി കോണ്‍ഗ്രസ് രംഗത്തു വന്നതോടെ നഗരസഭാ ചെയർമാന്റെ രാജി സംബന്ധിച്ച കാര്യം നീളുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതേസമയം കോണ്‍ഗ്രസിലെ ഭിന്നതകൾ മുതലെടുത്ത് ചെയർമാൻ സ്ഥാനം രാജി വയ്ക്കാതിരിക്കാൻ കേരളകോണ്‍ഗ്രസിൽ നീക്കം നടക്കുന്നതായും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ചങ്ങനാശേരി നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ യുഡിഎഫ് ധാരണപ്രകാരം ഇന്ന് വൈകുന്നേരം കേരളകോണ്‍ഗ്രസ്(എം) ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന് രാജിക്കത്തു കൈമാറുമെന്ന് പാർട്ടി ഇന്നതാധികാര സമിതിയംഗം അഡ്വ.ജോബ് മൈക്കിൾ പറഞ്ഞു.