അമരവിള: നെയ്യാറ്റിൻകര നഗരസഭക്ക് കീഴിലുളള പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെ നിഷേപിക്കുന്ന പ്രധാനകേന്ദ്രമായി അമരവിള മാറിയതിൽ പ്രതിഷേധം ശക്തമാവുന്നു. അമരവിള പഴയപാലത്തിന് സമീപവും ദേശീയ പാതയിലെ പഴയ ടോൾബൂത്തിന് സമീപവും നഗരസഭയുടെ വാഹനങ്ങളിൽ മാലിന്യം തളളുന്നതോടെ പൊറുതി മുട്ടിയിരിക്കയാണ് അമരവിള നിവാസികൾ .
അറവ് മാലിന്യം ഉൾപ്പെടെ ദേശീയപാതയിൽ ഇരുവശത്തും തളളി നഗരസഭക്കു കീഴിലെ തൊഴിലാളികൾ തന്നെ കത്തിക്കുന്നത് സ്ഥിരം കാഴ്ചയാണ് .കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ പഴയ ടോൾ ബൂത്തിന് മുന്നിൽ കത്തിച്ചത് മണിക്കൂറുകളോളം പ്രദേശം പുകയിൽ മുങ്ങാൻ കാരണമായി .
സമീപവാസികളിൽ പലർക്കും ശ്വാസ തടസം അനുഭവപ്പെട്ടതായും പരാതിയുണ്ട് . നെയ്യാറ്റിൻകര നഗരസഭക്ക് കീഴിൽ മാലിന്യം സംസ്കരണ കേന്ദ്രം ഇല്ലാത്തതാണ് മാലിന്യം തോന്നും പടിതളളാൻ കാരണമാവുന്നത്. മാലിന്യം അമരവിളയിലേക്കെത്തിച്ച് കത്തിക്കുന്ന രീതി ഇനിയും തുടർന്നാൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് അമരവിള നിവാസികൾ