വാഷിംഗ്ടണ്‍: ആന്ധ്രാപ്രദേശ് സ്വദേശി യുഎസിൽ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു. സോഫ്വെയർ എൻജിനീയറായ ഗോഗിനോനി നാഗാർജുന(32)യാണ് നോർത്ത് കരോളൈനയിലെ പ്രസിദ്ധമായ എൽക് വെള്ളച്ചാട്ടത്തിൽ വീണു മരിച്ചത്. ആറാഴ്ചയ്ക്കിടെ എൽക് വെള്ളച്ചാട്ടത്തിൽ മരിക്കുന്ന രണ്ടാമനാണ് നാഗാർജുന.
ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പമാണ് നാഗാർജുന വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയത്. ഇതിന്റെ ഒരുഭാഗത്ത് ഇവർ നീന്താനിറങ്ങി. ഇതിനിടെ പാറയിൽനിന്നു വെള്ളത്തിലേക്കു ചാടിയ നാഗാർജുനയെ പിന്നീട് കാണാതാവുകയായിരുന്നെന്ന് ആവേരി കൗണ്ടി ഷെരിഫ് കെവിൻ ഫ്രേ പറഞ്ഞു.
രണ്ടു മണിക്കൂർ തെരച്ചിലിനൊടുവിൽ നാഗാർജുനയുടെ മൃതദേഹം കണ്ടെത്തി. നദിയിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നെന്നും ഇതാണ് യുവാവിന്റെ മരണത്തിലേക്കു നയിച്ചതെന്നും അധികൃതർ അറിയിച്ചു.