എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം ’മഹാഭാരത’എന്ന പേരിൽ സിനിമയാകുന്പോൾ കർണന്റെ വേഷം ആരു ചെയ്യും? തെലുങ്ക് താരം നാഗാർജുന കർണന്റെ വേഷത്തിൽ എത്തുമെന്നാണ് ഒടുവിൽ കേൾക്കുന്ന വർത്തമാനം. ചിത്രത്തിന്റെ അണിയറപ്രവർത്തകർ നാഗാർജുനയെ ഈ ആവശ്യം ഉന്നയിച്ച് സമീപിച്ചിട്ടുണ്ടെന്നും നാഗാർജുന താല്പര്യക്കുറവ് പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകൾ വരുന്നു.
ചിത്രത്തിൽ ഭീമനായി അഭിനയിക്കുന്നത് മോഹൻലാൽ ആണ്. പഞ്ചപാണ്ഡവരും കൗരവരും ഉൾപ്പെടെയുള്ള കേന്ദ്രകഥാപാത്രങ്ങൾ ബോളിവുഡ് സിനിമയിൽ നിന്നുള്ളവരായിരിക്കും. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ ഒരുക്കുന്ന സിനിമയിൽ അമിതാഭ് ബച്ചൻ ഭീഷ്മരായും ഐശ്വര്യ റായ് ദ്രൗപതിയായും മഹേഷ് ബാബു, വിക്രം, പുനീത് രാജ്കുമാർ, പ്രഭു ഉൾപ്പെടെയുള്ള താരങ്ങൾ മറ്റു കഥാപാത്രങ്ങളായും അണിനിരക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, താരനിർണയം പുരോഗമിക്കുന്നതിനാൽ ആരൊക്കെയാവും ചിത്രത്തിലെ താരങ്ങൾ എന്നതു സംബന്ധിച്ച് പുറത്തുവിടാൻ രണ്ടാമൂഴം ടീം ഇതുവരെ തയ്യാറായിട്ടില്ല. കാസ്റ്റിംഗും പ്രീ പ്രൊഡക്ഷനും നടക്കുകയാണെന്നും അബുദാബിയിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തുടങ്ങുമെന്നും നിർമാതാവ് ബി.ആർ ഷെട്ടി പറഞ്ഞിരുന്നു.