റാന്നി: ചികിത്സയ്ക്കായി എത്തിച്ച നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയ പോലീസ് അമ്മയെ അറസ്റ്റ് ചെയ്തു.
കോട്ടയം കൈപ്പുഴ നീണ്ടൂർ പുളിയൻപറന്പിൽ ബെന്നി സേവ്യറുടെ ഭാര്യ ബ്ലസി പി. മൈക്കിളാണ് (21) അറസ്റ്റിലായത്. റാന്നിയിലെ ഒരു ആശ്രമത്തിൽ അന്തേവാസികളായി കഴിഞ്ഞു വരവെയാണ് സംഭവം.
27 ദിവസം പ്രായമുള്ള ആണ്കുട്ടിയെ ബ്ലസി ചികിത്സയ്ക്കായി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സമയം മരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ റാന്നി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം തലയ്ക്ക് ഏറ്റ പരിക്കാണെന്ന് കണ്ടെത്തി.
തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഫോറൻസിക് വിദഗധർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും വിശദമായ അന്വേഷണത്തിൽ കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മാസം തികയാതെ പ്രസവിച്ച കുട്ടിക്ക് സ്ഥിരമായി അസുഖങ്ങൾ ഉണ്ടാകാറുണ്ടായിരുന്നതായി പറയുന്നു. കുട്ടിയുടെ കരച്ചിൽ കാരണമുള്ള ദേഷ്യത്തിൽ തല ശക്തിയായി ഭിത്തിയിലിടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.
ഒന്നര വർഷം മുന്പ് കോട്ടയത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരുന്ന ബ്ലസി, ബെന്നിയുടെ ഒപ്പം ഇറങ്ങിപ്പോരുകയായിരുന്നു.
തുടർന്ന് പഠിക്കുവാൻ അസുഖക്കാരനായ കുഞ്ഞ് ശല്യമാകുമെന്ന ധാരണയിലാണ് കുട്ടിയെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നു പറയുന്നു.
ദിവസങ്ങളോളം ഇവരെ ചോദ്യം ചെയ്ത് ശാസ്ത്രീയ മാർഗത്തിലൂടെ അന്വേഷണം പൂർത്തീകരിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.