കോട്ടയം: നഗരത്തിലെ കോളജുകളുടെയും വനിതാ ഹോസ്റ്റലിന്റെയും ഇടവഴിയിൽ നഗ്നത പ്രദർശനം നടത്തുകയും പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
തെള്ളകം നന്പിമഠം സോണി തോമസാ(52)ണു അറസ്റ്റിലായത്. ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ എത്തി ഇടവഴികളിൽനിന്ന് ഇയാൾ നഗ്നതാ പ്രദർശനം നടത്തുന്നതായി പരാതി ലഭിച്ചിരുന്നു.
ഇതിനിടെയാണു കഴിഞ്ഞ ദിവസം പെണ്‍കുട്ടികൾ ഇയാൾ എത്തിയ വാഹനത്തിന്റെ നന്പർ പോലീസിനു കൈമാറിയത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രതിയുടെ സ്കൂട്ടറിന്റെ നന്പർ മോട്ടോർ വാഹന വകുപ്പിൽ നിന്നും പ്രതിയുടെ വിലാസവും ഫോണ്‍ നന്പരും ശേഖരിച്ചു. തുടർന്ന് പിങ്ക് പോലീസിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ ഫോണിൽ വിളിക്കുകയായിരുന്നു.
എഎസ്ഐ കെ.ആർ. അരുണ്‍കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ താനിയ വർഗീസ്, ബേബിമോൾ, സബീന എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കുമാരനല്ലൂരിൽ വിളിച്ചു വരുത്തുകയും പിടികൂടുകയും ചെയ്തു.