പഴയങ്ങാടി: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ എത്തിയ ശ്രീ കണ്ഠാപുരം സ്വദേശിയായ യുവാവിനെ പുതിയങ്ങാടിയിലെ വാടക ക്വാർട്ടേഴ്സിൽ വെച്ച് ബന്ദിയാക്കുകയും പണം തട്ടിയെടുത്ത ശേഷം നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒന്നാംപ്രതി അറസ്റ്റിൽ.
പുതിയങ്ങാടി സ്വദേശിയായ സോഡാ ബാബു എന്ന അറിയപ്പെടുന്ന അരിപ്പറമ്പിൽ ഷാജിദിനെ (41) യാണ് പഴയങ്ങാടി എസ്ഐമാരായ കെ.ഷാജു, മുരളി തുടങ്ങിയവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പുതിയങ്ങാടി ജുമാ മസ്ജിദിന് സമീപമുള്ള സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
പുതിയങ്ങാടി സ്വദേശിയായ സ്ത്രീയുമായി നടന്ന സാമ്പത്തിക ഇടപാടുകൾ തീർക്കാനായാണ് ശ്രീകണ്ഠാപുരം സ്വദേശിയായ യുവാവ് പുതിയങ്ങാടിയിൽ എത്തിയത്. ക്വാർട്ടേഴ്സിൽ എത്തിയ യുവാവിനെ അഞ്ചംഗസംഘം ബന്ദി ആക്കുകയായിരുന്നു.
കേസിലെ പ്രതികളായ മാടായിയിലെ കെ.നമ്പീസ, കെ.സാജിത എന്നിവർ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിൽ ഹാജരായിരുന്നു. നാലാം പ്രതിയായ പുതിയങ്ങാടിയിലെ മുനീറി (31) നെ പഴയങ്ങാടി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. സിവിൽ പോലിസ് ഓഫിസർമാരായാ ജയ്മോൻ, ശ്യാം ജനാർദനൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.