തിരുവനന്തപുരം: വീഡിയോ കോൾ വഴി കേരളത്തിൽ തട്ടിപ്പിന് ഇരയായത് നിരവധി പേരെന്നു പോലീസ്. ഫേസ്ബുക്കിൽ സുന്ദരിമാരുടെ ഫ്രണ്ട്സ് റിക്വസ്റ്റ് വരുന്നതു സ്വീകരിച്ചതോടെയാണ് പലരും കെണിയിൽ വീണത്.
നിരവധി പേർക്ക് ഇതിനകം ബ്ലാക്ക് മെയിലിംഗിലൂടെ പണം പോയെന്നാണ് പോലീസ് നൽകുന്ന സൂചന. ഇതോടെയാണ് സൈബർ ഡോം മുന്നറിയിപ്പുമായി രംഗത്തുവന്നത്.
ഫേസ്ബുക്കിൽ അജ്ഞാതയായ സുന്ദരിയുടെ ഫ്രണ്ട് റിക്വസ്റ്റ് വരുന്പോൾ ഒന്നു സൂക്ഷിക്കുക. പുതിയൊരു തട്ടിപ്പിന്റെ തുടക്കമാണിത്. നിങ്ങൾ ആ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു കഴിഞ്ഞാൽ ഒട്ടും വൈകാതെ തന്നെ നിങ്ങളുടെ ഫേസ്ബുക്ക് മെസഞ്ചറിലേക്ക് അവളുടെ സന്ദേശങ്ങൾ എത്തുകയായി.
ഉടൻ സൗഹൃദം
കുറഞ്ഞ സമയം കൊണ്ടു തന്നെ അവൾ നിങ്ങളുമായി അടുത്ത സൗഹൃദം സ്ഥാപിച്ചുകഴിയും. മിക്കവാറും ഒരു ഉത്തരേന്ത്യൻ പേരുള്ള സുന്ദരിയിൽ നിന്നായിരിക്കും ഇത്തരം സൗഹൃദ സന്ദേശങ്ങൾ നിങ്ങൾക്കു ലഭിക്കുക.
ഇവരിൽ പലരും പെൺ പേരുകൾ സ്വീകരിച്ച പുരുഷന്മാരായിരിക്കും. സാധാരണ ഫേസ്ബുക്കിൽ അപരിചിതരെ പുതിയ സുഹൃത്തുക്കളായി ലഭിക്കുന്പോൾ അവരുമായി അടുത്ത സൗഹൃദം സ്ഥാപിക്കാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടി
വരുന്പോൾ ഇവിടെ ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ചാൽ ഉടൻ തന്നെ മെസഞ്ചറിലെത്തി മണിക്കൂറുകൾ നിങ്ങളുമായി ചാറ്റു ചെയ്യാൻ അവൾക്ക് മടി കാണില്ല.
വാട്ട്സ് ആപ് നന്പർ
പിന്നെയാണ് അടുത്ത പടിയിലേക്ക് കടക്കുക. അവൾ നിങ്ങളുടെ വാട്സ് ആപ് നന്പർ ചോദിക്കും. അതുവരെ നടത്തിയ ചാറ്റിംഗിലും അവളുടെ പെരുമാറ്റത്തിലും സംശയിക്കത്തക്ക വിധത്തിൽ ഒന്നും തോന്നാത്ത നിങ്ങൾ നിങ്ങളുടെ വാട്സ് ആപ് നന്പർ കൊടുക്കുന്നു.
വാട്സ് ആപിൽ മെസേജോ കോളുകളോ പ്രതീക്ഷിക്കുന്ന നിങ്ങളെ ഞെട്ടിച്ചു കൊണ്ട് അവൾ നിങ്ങളെ വീഡിയോ കോളിൽ വിളിക്കുന്നു. ഇനിയാണ് തട്ടിപ്പിന്റെ യഥാർഥ മുഖം പ്രത്യക്ഷപ്പെടുന്നത്. വീഡിയോ കോൾ എടുക്കുന്ന നിങ്ങൾ അക്ഷരാഥത്തിൽ ഞെട്ടിപ്പോകും.
നിങ്ങൾ പ്രതീക്ഷിക്കുന്ന, പുതിയ ഫേസ്ബുക്ക് സുഹൃത്തായ സുന്ദരിയുടെ മുഖമായിരിക്കില്ല നിങ്ങൾ കാണുന്നത്. ഒരു സ്ത്രീയുടെ നഗ്നരംഗങ്ങളായിരിക്കും നിങ്ങൾ കാണുക.
വീഡിയോ കോളിൽ നിങ്ങൾ ഒരു ദൃശ്യം കണ്ടു കൊണ്ടിരിക്കുന്പോൾ നിങ്ങൾ കാണുന്ന ദൃശ്യത്തോടൊപ്പം അത് കണ്ടുകൊണ്ടിരിക്കുന്ന നിങ്ങളുടെ മുഖവും സ്ക്രീനിൽ പതിയും. ഈ ദൃശ്യങ്ങൾ ആ അജ്ഞാത സുന്ദരി റിക്കോർഡ് ചെയ്യും.
പിന്നെ എല്ലാം പെട്ടെന്ന്
പിന്നെല്ലാം പെട്ടെന്നായിരിക്കും. വീഡിയോ കോൾ കട്ടായ ശേഷം മിനിട്ടുകൾക്കുള്ളിൽ നിങ്ങളുടെ വാട്സ് ആപ്പിൽ ഒരു മെസേജ് ലഭിക്കും. നിങ്ങൾ നഗ്ന ദൃശ്യങ്ങൾ കണ്ടു കൊണ്ടിരിക്കുന്ന വീഡിയോ ആയിരിക്കും ആ മെസേജ്.
പിന്നാലെ നിങ്ങൾക്കൊരു ഭീഷണി സന്ദേശവും ലഭിക്കും. എത്രയും പെട്ടെന്ന് അവർ നൽകുന്ന അക്കൗണ്ടിലേക്ക് അവർ പറയുന്ന വലിയ തുക നിക്ഷേപിച്ചില്ലെങ്കിൽ ഈ വീഡിയോ ദൃശ്യങ്ങൾ. ഫേസ്ബുക്കിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിപ്പിക്കും എന്നാണ് ഭീഷണി സന്ദേശം.
കേരളത്തിൽ നിരവിധി പേർ ഇപ്പോൾ തന്നെ ഇത്തരം ഭീഷണികൾക്കിരയായിട്ടുണ്ട്. ഇതേത്തുടർന്ന് അപരിചിതരുടെ വീഡിയോ കോളുകൾ എടുക്കരുതെന്ന് കേരള പോലീസിന്റെ സൈബർ ഡോം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപരിചിതരുമായി അനാവശ്യ ചാറ്റിംഗും മറ്റും നടത്തുന്നത് ഒഴിവാക്കുക.