കൊല്ലം: മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്ന പൂജയ്ക്ക് വിധേയമാക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ ഉടൻ പിടിയിലാകും.
മന്ത്രവാദി കുരിയോട് സ്വദേശി അബ്ദുൽ ജബ്ബാർ (44) ഉൾപ്പെടെ നാലു പ്രതികളാണ് ഒളിവിൽ കഴിയുന്നത്. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസിന് ലഭിക്കുന്ന വിവരം.
മന്ത്രവാദിക്കെതിരെ കൂടുതൽ പരാതികൾ പോലീസിന് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരാതിക്കാരിയുടെ ഭർതൃ മാതാവ് റിമാൻഡിലാണ്.
ഇവർ മകനോടൊപ്പം യുവതിയെ മന്ത്രവാദത്തിന്റെ പേരിൽ പല സ്ഥലങ്ങളിലും കൊണ്ടുപോയിരുന്നു. പരാതിക്കാരിയുടെ ഭർത്താവ്, സഹോദരി, മന്ത്രവാദിയുടെ സഹായി സിദ്ധിഖ് എന്നിവരാണ് മറ്റു പ്രതികൾ .
ഇവരെല്ലാം ഒരാഴ്ചയായി ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.യുവതിയെ ഭർത്താവിന്റെ സാന്നിധ്യത്തിൽ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചതായാണ് പരാതി.
സിദ്ധിക്കിനെതിരെ ഭാര്യ ഉൾപ്പടെയുള്ളവർ പരാതി നൽകിയിരിക്കുകയാണ്. അബ്ദുൽ ജബ്ബാറും സിദ്ധിക്കും ചേർന്ന് ഒട്ടേറെ യുവതികളെ ചൂഷണം ചെയ്തിട്ടുള്ളതായി സിദ്ധിക്കിന്റെ ഭാര്യ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അബ്ദുൽ ജബ്ബാറിനെതിരെ അയാളുടെ ഒരു ബന്ധുവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ടാപ്പിംഗ് തൊഴിലാളിയായ ജബ്ബാർ മന്ത്രവാദിയായി മാറുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ പോലീസിന് വ്യക്തമായത്.
ഇയാളുടെ വീട്ടിൽ മന്ത്രവാദം സ്ഥിരമായി നടത്തി വരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ലഹരിമാഫിയ സംഘവുമായി ഇയാൾക്ക് ബന്ധമുള്ളതായുള്ള ചില സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.