പത്തനാപുരം: വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗിക ചേഷ്ടകള്‍ കാട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മാങ്കോട് അംബേദ്ക്കര്‍ കോളനിയില്‍ റിയാസ് മന്‍സിലില്‍ ഷാജഹാന്റെ മകന് നിഹാസാ(24)ണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്.
നിരവധി മദ്യ, കഞ്ചാവ് കേസുകളിലെ പ്രതിയാണ് ഇയാളെന്ന് എസ് ഐ പുഷ്പകുമാര്‍ പറഞ്ഞു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോയ വിദ്യാര്‍ഥിനികളെ ബൈക്കില്‍ പിന്തുടര്ന്നെത്തിയ പ്രതി വസ്ത്രങ്ങള്‍ അഴിച്ച് ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും, സിഗരട്ട് വലിച്ച ശേഷം പുക പെണ്‍കുട്ടികളുടെ മുഖത്തേക്ക് ഊതി വിടുകയും ചെയ്തു.
കൂടാതെ അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. നിരന്തരമായുളള ശല്യം സഹിക്കവയ്യാതെ വിദ്യാര്‍ഥിനികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.