കോഴിക്കോട്: സ്കൂൾ വിട്ട് പോവുകയായിരുന്ന വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിൽ പ്രതിക്ക് തടവും പിഴയും. കൂടത്തായി പൂവോട്ടിൽ കുന്നം വള്ളി ഉനൈസിനെ (24) യാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണം തടയുന്നതിനുള്ള നിയമം (പോക്സോ) പ്രകാരമുള്ള പ്രത്യേക കോടതി ജഡ്ജി കെ. സുഭദ്രാമ്മ രണ്ട് കൊല്ലം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവനുഭവിക്കണമെന്നും പിഴ സംഖ്യ അപമാനിക്കപ്പെട്ട മൂന്ന് കുട്ടികൾക്കും പതിനായിരം രൂപ വീതം വച്ച് നൽകണമെന്നും ഉത്തരവിലുണ്ട്. 2014 സപ്തംബർ 11 ന് വൈകുന്നേരം നാലിന് കോടഞ്ചേരി വേളംകോട് പൂളവള്ളി റോഡിൽ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികൾക്കുനേരെ നഗ്നത കാട്ടിയെന്നാണ് കോടഞ്ചേരി പോലീസെടുത്ത കേസ്. കുട്ടികളടക്കം 10 സാക്ഷികളെ വിസ്തരിച്ചു.